കൊല്ലം:  സ്വാതന്ത്യത്തിന്റെ 75ാമാണ്ട് അമൃതമഹോത്സവമായി സംസ്ഥാനത്തും. വേലുത്തമ്പി ദളവ നടത്തിയ കുണ്‍ണ്ടറ വിളംബരത്തിന്റെ ചരിത്രസ്മരണകളുറങ്ങുന്ന മണ്ണിലാണ് ആഘോഷത്തിന് തിരിതെളിയുക. വൈവിദ്ധ്യത്തിന്റെ നിറക്കാഴ്ചകള്‍ നിറയുന്ന പ്രദര്‍ശനങ്ങളാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

ഗുരുദേവ ഓഡിറ്റോറിയത്തില്‍ ഖാദി ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, പുരാവസ്തു, പുരാരേഖാവകുപ്പ്, വാസ്തുവിദ്യാ ഗുരുകുലം, കേരള ഗാന്ധി സ്മാരകനിധി, പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ എന്നിവ സംഘടിപ്പിക്കുന്ന വിവിധ പ്രദര്‍ശനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ബുക് മാര്‍ക്കറ്റിംഗ് സൊസൈറ്റി, സര്‍വവിജ്ഞാനകോശം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, എന്നിവ സംഘടിപ്പിക്കുന്ന പുസ്തകമേള, ചലച്ചിത്രപ്രദര്‍ശനം, ദേശഭക്തി ഗാനാലാപനം, നാടന്‍ പാട്ടുകള്‍ തുടങ്ങിയ പരിപാടികളും അനുബന്ധമായുണ്ടാകും. ഓര്‍മയില്‍ സൂക്ഷിക്കാവുന്ന അനുഭവങ്ങളുടെ വേദിയായി മഹോത്സവ വേദി മാറുമെന്ന് സംഘാടനത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പറഞ്ഞു.

75 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവം’ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് (മാര്‍ച്ച് 12) വൈകിട്ട് നാലു മണിക്ക് ഇളമ്പള്ളൂര്‍ ഗുരുദേവ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. ചീഫ് സെക്രട്ടറി വി.പി ജോയ് അധ്യക്ഷനാകും. ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, കേരള ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസ നേരും. സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ടി. ആര്‍. സദാശിവന്‍ നായര്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് എന്നിവര്‍ പങ്കെടുക്കും.