കാസർഗോഡ്: തപാല്‍ വോട്ട് ചെയ്യാനാഗ്രഹിക്കുന്ന കോവിഡ് പോസിറ്റീവ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും മാര്‍ച്ച് 17നകം 12ഡി ഫോറത്തില്‍ ബന്ധപ്പെട്ട വരണാധികാരിക്ക് അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. 12ഡി ഫോറം ബിഎല്‍ഒമാര്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്തു തുടങ്ങി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഫോറം നല്‍കുക. ഈ അപേക്ഷയോടൊപ്പം ക്വാറന്റൈനില്‍ കഴിയുകയാണെന്നോ കോവിഡ് പോസിറ്റീവായി ഹോം ഐസൊലേഷനിലോ ആശുപത്രി ചികില്‍സയിലോ ആണെന്നോ കാണിക്കുന്ന സര്‍ട്ടിഫിക്കറ്റും വരണാധികാരിക്ക് സമര്‍പ്പിക്കണം.
ഈ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട മെഡിക്കല്‍ ഓഫീസര്‍മാരോ ചികില്‍സയില്‍ കഴിയുന്ന ആശുപത്രി സൂപ്രണ്ടുമാരോ ആണ് നല്‍കുക. ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. അപേക്ഷ പരിശോധിച്ച ശേഷം വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പുവരുത്തി ഇവര്‍ക്ക് തപാല്‍ ബാലറ്റ് അനുവദിക്കും. ഇങ്ങനെ 12ഡി ഫോറത്തില്‍ അപേക്ഷ നല്‍കിയവരുടെ വോട്ടര്‍പട്ടികയിലെ പേരിനു നേരെ പിബി (പോസ്റ്റല്‍ ബാലറ്റ്) എന്ന് രേഖപ്പെടുത്തും. അതിനാല്‍ തപാല്‍ വോട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് പോളിംഗ് ബൂത്തില്‍ ചെന്ന് വോട്ട് ചെയ്യാനാവില്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
![](https://prdlive.kerala.gov.in/wp-content/uploads/2021/03/election-1-65x65.jpg)