പത്തനംതിട്ട:  തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനായി ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ (ഇ വി എം) കരുത്തുറ്റതും കേടുവരുത്താന്‍ കഴിയാത്തവിധം സുരക്ഷിതവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സത്യസന്ധത സംരക്ഷിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഫലപ്രദമായ സാങ്കേതികവും നിര്‍വഹണപരവുമായ എല്ലാ രക്ഷാവ്യവസ്ഥകളുടെയും പശ്ചാത്തലത്തില്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ യാതൊരു കൃത്രിമവും കാട്ടാനാകില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാട്ടുന്നതില്‍ നിന്ന് വോട്ടിംഗ് കേന്ദ്രങ്ങളെ സംരക്ഷിക്കുന്നത് അതില്‍ ഉപയോഗിച്ചിരിക്കുന്ന ഇലക്‌ട്രോണിക് സാങ്കേതികവിദ്യയും പ്രത്യേക സോഫ്റ്റ്‌വെയറുമാണ്. വയര്‍ മുഖേനയോ വയര്‍ലെസ് സംവിധാനം മുഖേനയോ മറ്റൊരു യന്ത്രവുമായോ സംവിധാനവുമായോ യന്ത്രങ്ങള്‍ ബന്ധിപ്പിച്ചിട്ടില്ല എന്നതും ഒരു സവിശേഷതയാണ്. അതിനാല്‍ തന്നെ ശേഖരിക്കുന്ന വിവരങ്ങളില്‍ കൃതിമം കാട്ടാനാകില്ല. നിരവധി കര്‍ശന പരിശോധനകള്‍ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് മെഷീന്‍ കോഡ്, സോഴ്സ് കോഡ് എന്നിവ രൂപകല്‍പന ചെയ്തിട്ടുള്ളത്. യന്ത്രങ്ങളുടെ ഗുണനിലവാരം സംരക്ഷിക്കാന്‍ പ്രത്യേക വിഭാഗം തന്നെ ഉണ്ട്. ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും തമ്മിലുള്ള ഡൈനാമിക് കോഡിംഗ്, റിയല്‍ ടൈം ക്ലോക്ക്, ഡിസ്‌പ്ലേ സംവിധാനം, വോട്ടിംഗ് യന്ത്രങ്ങളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ തീയതിയും സമയവും രേഖപ്പെടുത്തുന്ന സംവിധാനം 2006 മുതലാണ് നിലവില്‍ വന്നത്.
വിദേശ രാജ്യങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സ്വീകരിച്ചിട്ടുള്ള പ്രക്രിയകളില്‍ നിന്ന് അടിസ്ഥാനപരമായി തന്നെ വ്യത്യസ്ഥമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങള്‍. മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയോട് കൂടിയവയായതിനാല്‍ ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന ചിപ്പ് നിര്‍മ്മാണ വേളയില്‍ ഒറ്റത്തവണ പ്രോഗ്രാം ചെയ്യപ്പെട്ടവയാണ്. അതിനാല്‍ വിദേശരാജ്യങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളുമായോ അവലംബിക്കുന്ന പ്രക്രിയയുമായോ താരതമ്യവും അസ്ഥാനത്താണ്.