കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പ് പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചുള്ള ഉത്തരവ് ലഭിക്കാത്ത എല്ലാ സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപന മേധാവികളും ജീവനക്കാരുടെ വിവരങ്ങള്‍ സഹിതം കലക്‌ട്രേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നാളെ (മാര്‍ച്ച് 15) ഉച്ചയ്ക്ക് മൂന്നിന് മുമ്പ് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ നിര്‍ദ്ദേശിച്ചു. ഇവിടെ നിന്ന് ലഭ്യമാക്കുന്ന പ്രൊഫോമയില്‍ വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണം.

ഹാജരാകാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പരിശീലനത്തിന് നിയോഗിക്കപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും അതത് കേന്ദ്രങ്ങളില്‍ കൃത്യസമയത്ത് എത്തണം. അനുവാദം ലഭിച്ച ആറു മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള മുലയൂട്ടുന്ന അമ്മമാര്‍, വ്യക്തമായ കാരണത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ച സാക്ഷ്യപത്രം നേടിയവര്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചവര്‍ എന്നിവരെ മാത്രമാണ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുന്നത്. പ്രഥമാധ്യാപകര്‍ക്കോ പ്രത്യേക വിഭാഗത്തിലുള്ള മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ഇളവ് അനുവദിക്കില്ല.

ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകുന്നതിന് തെറ്റായി വിവരങ്ങള്‍ നല്‍കുകയോ അതിന് സഹായിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാര്‍ച്ച് 10 ന് മുമ്പ് ഉദ്യോഗസ്ഥ പട്ടിക നല്‍കാതിരുന്ന സ്ഥാപന മേധാവികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ജനപ്രാധിനിത്യനിയമ പ്രകാരമുള്ള ശിക്ഷാനടപടികള്‍ സ്വീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട് ഡേറ്റ എന്‍ട്രിയില്‍ സംഭവിച്ച അപാകതകള്‍ പരിഹരിക്കും എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.