ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വോട്ടിങ് യന്ത്രങ്ങൾ അതത് മണ്ഡലങ്ങളിലെ

വിതരണ കേന്ദ്രങ്ങളിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറി. രാവിലെ 9 ന് ജില്ല കളക്ടർ എ അലക്സാണ്ടർ എത്തി ഗോഡൗൺ തുറന്ന് ആദ്യ പെട്ടി ജീവനക്കാർക്ക് കൈമാറി. വോട്ടിങ് യന്ത്രങ്ങളുടെ കൈമാററത്തിനുള്ള ഒരുക്കങ്ങൾ കളക്ട്രേറ്റിൽ രണ്ടു ദിവസമായി നടന്നുവരുകയായിരുന്നു.

ജില്ലയിലെ 2643 പോളിങ് സ്റ്റേഷനുകള്‍ക്കായി 3303 വീതം കണ്‍ട്രോള്‍-ബാലറ്റ് യൂണിറ്റുകളാണ് നല്‍കിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വോട്ട് കണ്ട് ഉറപ്പാക്കാന്‍ കഴിയുന്ന 3515 വി-വിപാറ്റ് മെഷീനുകളും (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) വിതരണം ചെയ്തു.

ഓരോ മെഷീന്റെയും ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്ത് രേഖപ്പെടുത്തിയ ശേഷമാണ് ഇവ കൈമാറിയത്. ഇ.വി.എം മാനേജ്‌മെന്റ് സിസ്റ്റം സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് രേഖപ്പെടുത്തല്‍. പത്ത് വീതം കണ്‍ട്രോള്‍ യൂണിറ്റും ബാലറ്റ് യൂണിറ്റും പെട്ടിയിലാക്കും. ഇതിന് മുന്‍പ് എ ആര്‍ ഒ-മാര്‍ ഒരുതവണ കൂടി ബാര്‍കോഡ് സ്‌കാന്‍ചെയത് രേഖപ്പെടുത്തും. ഇവ കവചിത വാഹനത്തില്‍ പൊലീസ് അകമ്പടിയോടെ അതത് നിയോജക മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിലെ സ്ട്രോങ് റൂമുകളിലെത്തിക്കും.

അവിടെ പ്രത്യേകം രേഖപ്പെടുത്തിയിരിക്കുന്ന കള്ളികളിലായാണ് ഇവ വയ്ക്കുക.
സിസിടിവി സംവിധാനം ഉള്‍പ്പെടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്ട്രോങ് റൂം പരിസരത്ത് ഒരുക്കിയിട്ടുണ്ട്. സ്ഥാനര്‍ഥികളുടെ പേരും ചിഹ്നങ്ങളും മറ്റും സ്ഥാപിക്കുന്ന ഇ വി എം കമ്മീഷനിങ് സമയത്ത് മാത്രമേ സ്ട്രോങ്ങ് റൂമില്‍ നിന്നും ഇവ പുറത്തെടുക്കുകയുള്ളു.

ഇതിന്റെ ഭാഗമായി കളക്‌ട്രേറ്റിനുള്ളിൽ അതീവ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു. രണ്ടുദിവസമായി സ്വകാര്യ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഗോഡൗണിന് മുന്നിലായി വലിയ പന്തൽ ഒരുക്കി. അതത് നിയോജക മണ്ഡലങ്ങളിലെ ഉപവരണാധികാരിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവ ഏറ്റു വാങ്ങിയത്.

ഒമ്പത് നിയോജക മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് യന്ത്രങ്ങൾ ഏറ്റുവാങ്ങുന്നതിന് 18 കൗണ്ടറുകൾ തയ്യാറാക്കി. 18 കൗണ്ടറുകളിലും ഒമ്പതു നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടിങ് മെഷീനുകൾ ഏറ്റു വാങ്ങുന്നതിനുള്ള ജീവനക്കാരെ പ്രത്യേകമായി നിയോഗിച്ചിരുന്നു. തയ്യാറാക്കി നിർത്തിയിരുന്ന ലോറികളിലേക്ക് നിറഞ്ഞ പെട്ടികൾ കയറ്റി. പ്രത്യേക സുരക്ഷ ക്രമീകരണങ്ങളുള്ള ലോറികൾ ഇതിനായി സജ്ജമാക്കിയിരുന്നു. രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിന്നു പെട്ടികൾ വാഹനങ്ങളിലേക്ക് കയറ്റിയത്. സുരക്ഷ കാര്യങ്ങൾക്കായി പോലീസ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു.

ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കളക്ടറെ ക്കൂടാതെ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജെ മോബി, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, ഇലക്ഷന്‍ സൂപ്രണ്ട് എസ്. അന്‍വര്‍, രാഷ്ട്രീയ പ്രതിനിധികൾ, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി.