പത്തനംതിട്ട: ജില്ലയില്‍ കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ച മുന്‍നിര പ്രവര്‍ത്തകര്‍ക്കുള്ള (റവന്യൂ, പഞ്ചായത്ത്, പോലീസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍) രണ്ടാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഇവര്‍ കുത്തിവയ്പ്പിനെ കുറിച്ചുള്ള മെസേജ് ലഭിക്കാനായി കാത്തിരിക്കേണ്ടതില്ല. ആദ്യ ഡോസ് ലഭിച്ച് 29 ദിവസം കഴിഞ്ഞവര്‍ ഇനി പറയുന്ന സ്ഥാപനങ്ങളില്‍ നിര്‍ദിഷ്ഠ ദിവസങ്ങളില്‍ എത്തി രണ്ടാം ഡോസ് എടുക്കണം.
ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, ജില്ലാ ആശുപത്രി കോഴഞ്ചേരി, താലൂക്ക് ആശുപത്രികളായ തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇപ്രകാരം രണ്ടാം ഡോസ് ലഭിക്കും. ഏനാദിമംഗലം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എല്ലാ ദിവസവും കോവാക്‌സിന്‍ രണ്ടാം ഡോസ് ലഭിക്കും. ഏറത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എല്ലാ ബുധനാഴ്ചകളിലും രണ്ടാം ഡോസ് വാക്‌സിന്‍ ലഭിക്കും.
മറ്റ് ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ആദ്യ ഡോസ് കോവാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള മുന്‍നിര പ്രവര്‍ത്തകരും മേല്‍ സൂചിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും അടുത്ത കേന്ദ്രത്തില്‍ നിന്നും രണ്ടാം ഡോസ് സ്വീകരിക്കണം. ആദ്യ ഡോസ് കോവാക്‌സിന്‍ എടുത്തിട്ടുള്ള എല്ലാവരും രണ്ടാം ഡോസും അതേ വാക്‌സിന്‍ തന്നെ എടുക്കണം. ആദ്യ ഡോസ് കോവാക്‌സിന്‍ എടുത്തപ്പോള്‍ നല്‍കിയ എ.ഇ.എഫ്.ഐ. റിപ്പോര്‍ട്ടിംഗ് ഫോം രണ്ടാം ഡോസ് എടുക്കാന്‍ വരുമ്പോള്‍ തിരികെ ഏല്‍പ്പിക്കണം.
ഇലക്ഷന്‍ ഓഫീസര്‍മാര്‍ക്ക് 29 ദിവസത്തിനു ശേഷം രണ്ടാം ഡോസ് വാക്‌സിന്‍ നേരത്തേ എടുത്ത കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ഇതിനും മെസേജ് ലഭിക്കാന്‍ വേണ്ടി കാത്തിരിക്കേണ്ടതില്ല. ഒന്നാം ഡോസ് എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയവര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയി പതിനാലു ദിവസങ്ങള്‍ക്കു ശേഷം മാത്രം രണ്ടാം ഡോസ് എടുത്താല്‍ മതിയെന്ന് ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ആര്‍. സന്തോഷ് കുമാര്‍ അറിയിച്ചു.