കോട്ടയം: ജില്ലയിൽ ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്സിനേഷൻ ഒരു ലക്ഷം ഡോസ് പിന്നിട്ടു.രണ്ടാം ഡോസ് ഉൾപ്പെടെ 1,15,412 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്. ആകെ 94433 പേർ സ്വീകരിച്ചു. ഇതിൽ 90394 പേർ കോവിഷീൽഡും 4039 പേർ കോവാക്സിനുമാണ് സ്വീകരിച്ചത്.

ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണി പ്രവർത്തകർ, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കും രണ്ടാം ഘട്ടത്തിൽ മുൻഗണനാ വിഭാഗങ്ങളില്‍ പെട്ട പൊതുജനങ്ങൾക്കുമാണ് വാക്സിൻ നൽകിയത്.

ജില്ലയില്‍ വാക്സിന്‍ നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന 28660 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വിവിധ തരം അലര്‍ജികള്‍ ഉള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ ഒഴികെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഇവരില്‍ 20688 പേർ (85ശതമാനം) രണ്ടാം ഡോഡ് സ്വീകരിച്ചു.

കോവിഡ് മുന്‍നിര പ്രവര്‍ത്തകരില്‍ 5901 പേര്‍ (75ശതമാനം) ഒന്നാം ഡോസും 291 പേർക്ക് രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ 18739 പേര്‍ക്ക് (84ശതമാനം) ആദ്യ ഡോസ് നല്‍കി.

അറുപതു വയസിനു മുകളിലുള്ളവരില്‍ 39683 പേര്‍ (15.87ശതമാനം)പേര്‍ക്കും 45 വയസിനു മുകളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ള 1450 പേര്‍ക്കും ഇതുവരെ ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി.

ഒൻപതു കേന്ദ്രങ്ങളിലാണ് ജില്ലയില്‍ കുത്തിവയ്പ്പ് ആരംഭിച്ചത്. ഇപ്പോൾ 74 സർക്കാർ ആശുപത്രികളും 16 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 90 വാക്സിനേഷന്‍ കേന്ദ്രങ്ങളുണ്ട്.