പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഫസ്റ്റ് ലെവല്‍ റാന്‍ഡമൈസേഷന്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍ നടത്തിയത്.

റാന്‍ഡമൈസേഷന്‍ നടത്തിയ വോട്ടിംഗ് മെഷീനുകള്‍ ഇന്ന് (16) രാവിലെ ഒന്‍പതിന് സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ അഴൂര്‍ ഗോഡൗണില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇലക്ഷന്‍ വെയര്‍ഹൗസില്‍ നിന്നും ബന്ധപ്പെട്ട അഞ്ച് മണ്ഡലങ്ങളിലെയും വരണാധികാരികള്‍ക്ക് വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 23 ശതമാനം ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും 33 ശതമാനം ഇവിഎം മെഷീനും അധികമായി നല്‍കും.

രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന യോഗം സംബന്ധിച്ച വിവരങ്ങള്‍ അതത് വരണാധികാരികള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.ജിപിഎസ് ഘടിപ്പിച്ച കവചിത വാഹനങ്ങളില്‍ അതത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ പോലീസ് അകമ്പടിയോടെ മണ്ഡലങ്ങളില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോംഗ് റൂമില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വോട്ടിംഗ് മെഷീനുകള്‍ സീല്‍ ചെയ്തു സൂക്ഷിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. ചന്ദ്രശേഖരന്‍ നായര്‍, വരണാധികാരികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.