തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ജില്ലയിലെ രാഷ്ട്രീയ കക്ഷികളോട് അഭ്യർഥിച്ചു. നാമനിർദേശ പത്രികാ സമർപ്പണം, ചെലവ് നിയന്ത്രണം തുടങ്ങിയവയിലും തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിൽ കളക്ടർ പറഞ്ഞു.
നാമനിർദേശ പത്രികാ സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ടു പേർ മാത്രമേ പാടുള്ളൂവെന്നു കളക്ടർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായാണിത്. പത്രികാ സമർപ്പണത്തിന് എത്തുന്നവർ രണ്ടു വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വീടുകൾതോറുമുള്ള പ്രചാരണത്തിന് സ്ഥാനാർഥി ഉൾപ്പെടെ അഞ്ചു പേർ മാത്രമേ പാടുള്ളൂ. റോഡ് ഷോകൾ സംഘടിപ്പിക്കുമ്പോൾ അഞ്ചു വാഹനങ്ങളുടെ നിര കടന്നുപോയതിനു ശേഷം അര മണിക്കൂർ കഴിഞ്ഞു മാത്രമേ അടുത്ത അഞ്ചു വാഹനങ്ങളേ കടന്നുപോകാവൂ.
പ്രചാരണത്തിലടക്കം തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഹരിത ചട്ടം പാലിക്കണം. പി.വി.സി. ഫ്‌ളക്‌സ് ബോർഡുകൾ, ബാനറുകൾ, പ്ലാസ്റ്റിക് കൊടിതോരണങ്ങൾ എന്നിവ ഉപയോഗിക്കരുത്. കോട്ടൺതുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ – പുനഃചംക്രമണ വസ്തുക്കൾ മാത്രമേ പാടുള്ളൂ. രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകളിലടക്കം ഹരിത ചട്ടം ഉറപ്പാക്കാൻ സഹകരിക്കണമെന്നും കളക്ടർ പറഞ്ഞു.
പ്രചാരണത്തിന് ഉപയോഗിക്കാവുന്ന 275 മൈതാനങ്ങളുടേയും ഓഡിറ്റോറിയങ്ങളുടേയും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ മുൻകൂർ അനുവാദത്തോടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാം. പരിപാടി സംഘടിപ്പിക്കുന്നതിനു രണ്ടു ദിവസം മുൻപ് അപേക്ഷിക്കണം. സുവിധ ആപ്പ് വഴിയാണ് അപേക്ഷ നൽകേണ്ടത്. റാലികൾ നടത്തുമ്പോഴും മുൻകൂർ അനുമതി നിർബന്ധമാണ്.
മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിൽ മാത്രമേ പാടുള്ളൂ. വിഡിയോ വാൾ ഉപയോഗിക്കുന്ന വാഹനങ്ങൾ ജില്ലാ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽനിന്ന് വിഡിയോകൾക്ക് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം. ആർ.ടി.ഒയിൽനിന്ന് വാഹന പെർമിറ്റും വാങ്ങണം. റാലികളിലും തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും മറ്റു ഘട്ടങ്ങളിലും പടക്കങ്ങൾ ഉപയോഗിക്കാൻ പാടില്ല. മൃഗങ്ങളെ ഉപയോഗിക്കുന്നതിനും കർശന വിലക്കുണ്ടെന്നും കളക്ടർ പറഞ്ഞു.
നാമനിർദേശ പത്രിക സമർപ്പിക്കുന്ന സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ടെങ്കിൽ അതിന്റെ പശ്ചാത്തലം നിർബന്ധമായും മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണം. നിലവിലുള്ള കേസിന്റെയും ശിക്ഷിക്കപ്പെട്ട കേസിന്റെയും വിവരങ്ങൾ നാമനിർദേശ പത്രികയ്‌ക്കൊപ്പം വിശദമാക്കണം. ഈ വിവരങ്ങൾ മൂന്നു തവണ മാധ്യമങ്ങൾ വഴി പരസ്യപ്പെടുത്തണം.
മണ്ഡലത്തിൽ പ്രചാരമുള്ള പത്ര മാധ്യമത്തിലും ദൃശ്യ മാധ്യമത്തിലുമാണു പരസ്യപ്പെടുത്തേണ്ടത്. പത്രിക പിൻവലിക്കാനുള്ള ആദ്യ നാലു ദിവസത്തിനുള്ളിൽ ആദ്യ ഘട്ടവും അഞ്ചു മുതൽ എട്ടു ദിവസങ്ങൾക്കുള്ളിൽ രണ്ടാം തവണയും ഒമ്പതാമത്തെ ദിവസം മുതൽ പ്രചാരണത്തിനുള്ള അവസാന തീയതിക്കുള്ളിൽ മൂന്നാം തവണയും പരസ്യവും നൽകണമെന്നും കളക്ടർ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിന് കളക്ടറേറ്റിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. 1950, 0471 2732255 എന്നീ നമ്പറുകളിൽ സേവനം ലഭിക്കുമെന്നും കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ആർ. അഹമ്മദ് കബീർ, ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.