തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ വിപുലമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ബോധവത്കരണവുമായി ജില്ലയില്‍ വോട്ടുവണ്ടി പ്രയാണം ആരംഭിച്ചു. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ വോട്ടുവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാവരും തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ജനങ്ങളില്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി വണ്ടി പ്രയാണം നടത്തുന്നത്.
ഇലക്ട്രോണിക് വോട്ടിംഗ് പരിചയപ്പെടുതുന്നതിനായി മോക്ക് പോളിംഗ് ബൂത്ത്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സന്ദേശം ഉള്‍പ്പെടുത്തിയ എല്‍.ഇ.ഡി വാള്‍, വിവിധ അറിയിപ്പുകള്‍ നല്‍കുന്നതിനായി മൈക് സിസ്റ്റം, ലഘു ലേഖകകള്‍ എന്നിവ വാഹനത്തിലുണ്ട്. ഒരു ദിവസം ഒരു മണ്ഡലം എന്ന രീതിയില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വരും ദിവസങ്ങളില്‍ വാഹനം പര്യടനം നടത്തും. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ആശുപത്രികള്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും വോട്ട് വണ്ടിയെത്തും. ഏപ്രില്‍ നാലുവരെയാണ് വാഹനം പര്യടനം നടത്തുക.
ചടങ്ങില്‍ ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍, എ.ഡി.എം റ്റി.ജി ഗോപകുമാര്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ റ്റി.ആര്‍ അഹമ്മദ് കബീര്‍, സ്വീപ് കളക്ടറേറ്റ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
*വോട്ടുവണ്ടിയുടെ സമയക്രമം*
മാര്‍ച്ച് 15- വട്ടിയൂര്‍ക്കാവ്
മാര്‍ച്ച് 16- കാട്ടാക്കട
മാര്‍ച്ച് 17- വര്‍ക്കല
മാര്‍ച്ച് 18- ആറ്റിങ്ങല്‍
മാര്‍ച്ച് 19- ചിറയിന്‍കീഴ്
മാര്‍ച്ച് 20- നെടുമങ്ങാട്
മാര്‍ച്ച് 21- അരുവിക്കര
മാര്‍ച്ച് 22- തിരുവനന്തപുരം
മാര്‍ച്ച് 23- വാമനപുരം
മാര്‍ച്ച് 24- നേമം
മാര്‍ച്ച് 25- പാറശ്ശാല
മാര്‍ച്ച് 26- നെയ്യാറ്റിന്‍കര
മാര്‍ച്ച് 27- കോവളം
മാര്‍ച്ച് 28- കഴക്കൂട്ടം
മാര്‍ച്ച് 29- വട്ടിയൂര്‍ക്കാവ്
മാര്‍ച്ച് 30- ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് വിമന്‍സ് കോളേജ്, തിരുവനന്തപുരം
മാര്‍ച്ച് 31- വിമന്‍സ് പോളിടെക്ക്‌നിക്ക് നേമം
ഏപ്രില്‍ 01- കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാംപസ്
ഏപ്രില്‍ 02- ടെക്ക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്
ഏപ്രില്‍ 03- അഗ്രികള്‍ചറല്‍ യൂണിവേഴ്‌സിറ്റി(കോവളം മണ്ഡലം)
ഏപ്രില്‍ 04- വട്ടിയൂര്‍ക്കാവ് പോളിടെക്ക്‌നിക്ക്