നാടിന്റെ സമഗ്ര വികസനത്തിന് തീരദേശം 
വികസിക്കണം; മുഖ്യമന്ത്രി
നാടിന്റെ സമഗ്ര വികസനത്തിന് തീരദേശത്തിന്റെ വികസനം ശരിയായ രീതിയിൽ നടക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യബന്ധന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് നിർമ്മിച്ച തലായി മത്സ്യബന്ധന തുറമുഖം നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരഹിത ഭവന രഹിത മത്സ്യത്തൊഴിലാളികൾക്ക് , സംസ്ഥാന ഫിഷറീസ് വകുപ്പ് വീടും ഭൂമിയും നൽകുന്ന പദ്ധതിയുടെ ഭാഗമായി 127 മത്സ്യത്തൊഴിലാളികൾക്കുള്ള ആധാര വിതരണവും ചടങ്ങിൽ നടന്നു.
ജില്ലയുടെ തീരപ്രദേശ വികസനത്തിന് ആക്കം കൂട്ടുന്നതാണ്  പദ്ധതിയെന്നും മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനായി തുറമുഖങ്ങളുടെ നിർമ്മാണവും വികസനവും വളരെ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഖി ദുരന്ത പശ്ചാത്തലത്തിൽ ജീവിക്കുന്നവർക്ക് 2000 കോടി രൂപയുടെ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചത്. ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മാറ്റിവെച്ചാണ് ഓഖി ദുരന്തത്തിൽപ്പെട്ടവർക്ക് കഴിയാവുന്നത്ര സഹായം സർക്കാർ ചെയ്തതെന്നും 20 ലക്ഷം രൂപ വീതം ദുരന്തത്തിൽപ്പെട്ടവർക്ക് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ അഞ്ച് ലക്ഷം കുടുംബങ്ങൾ വീടില്ലാത്തവരാണ്, മത്സ്യത്തൊഴിലാളികളിൽ നല്ലൊരു വിഭാഗത്തിനും വീടില്ല, എല്ലാവർക്കും വീട് എന്ന സ്വപനം ചുരുങ്ങിയ കാലയളവിൽ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതികൾക്ക് വരുന്ന കാലതാമസം നിർമ്മാണ ചിലവ് വർധിക്കാൻ കാരണമാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 ഓളം തുറമുഖങ്ങളുടെ നിർമ്മാണമാണ് നിലവിൽ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. 450 കോടി മുടക്കിയാണ് അഴീക്കൽ തുറമുഖം വികസിപ്പിക്കുന്നത്. വിദേശനാണ്യം നേടിത്തരുന്നതിൽ വലിയ പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. മൂന്ന് മറൈൻ ആംബുലൻസുകളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫിഷറീസ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന നയം ഒരു ഹാർബറിലും അനുവദിക്കില്ലെന്നും എല്ലാ ഹാർബറിലും കലക്ടർ ചെയർമാനായുള്ള ജനകീയ സമിതി രൂപീകരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തലായി പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഫിംഗർ ജെട്ടിയുടെ പ്രഖ്യാപനവും മന്ത്രി നടത്തി.
എ എൻ ഷംസീർ എം എൽ എ, തലശ്ശേരി നഗരസഭ ചെയർമാൻ സി കെ രമേശൻ, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു.