ഇ പോസ് സംവിധാനം നിലവിൽ വരുന്നതോടെ ഭക്ഷ്യപൊതുവിതരണ രംഗത്തെ പരാതികൾ പരിഹരിക്കാനാകുമെന്നും അർഹതപ്പെട്ടവർക്ക് ഭക്ഷ്യസാധനങ്ങൾ ലഭ്യമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിതരണ സംവിധാനം കമ്പ്യൂട്ടർവത്കരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ കടകളിലും ഇ പോസ് മെഷീനുകൾ സ്ഥാപിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റേഷൻ കടകളുടെ ഏകീകൃത മാതൃകയുടെ പ്രകാശനവും സപ്ലൈകോയുടെ ശബരി ന്യായവില ഉത്പന്നങ്ങൾ റേഷൻകട വഴി ലഭ്യമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യഥാർത്ഥ ഉപഭോക്താവിന് മാത്രം റേഷൻ സാധനങ്ങൾ ലഭ്യമാക്കുന്നതിനും പൊതുവിതരണ രംഗത്തെ ക്രമക്കേടുകൾ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഇ പോസ് സംവിധാനം സംസ്ഥാനത്ത് തുടക്കം കുറിച്ചത്. കാർഡുടമകൾക്ക് അർഹിക്കുന്ന റേഷൻസാധനങ്ങൾ കൃത്യമായ രീതിയിൽ വിതരണം ചെയ്യുകയാണ് ഇ പോസിന്റെ ലക്ഷ്യമെന്നും പൊതുവിതരണ രംഗത്തെ പരാതികൾ പരിഹരിക്കാൻ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിതരണ സംവിധാനം കംപ്യൂട്ടർവൽക്കരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ റേഷൻ കടകളിലും ഇ പോസ് മെഷീനുകൾ സ്ഥാപിച്ചിരുന്നു.
ഇ പോസ് സംവിധാനം തുടക്കത്തിൽ നടപ്പിലാക്കിയത് കൊല്ലം ജില്ലയിലാണ്. ബയോമെട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന മെഷീനിൽ വിരലടയാളം ആധാർ ഉപയോഗിച്ച് പരിശോധിച്ചാണ് ഉപഭോക്താവിനെ തിരിച്ചറിയുക. വിരലടയാളം രേഖപ്പെടുത്തിക്കഴിഞ്ഞാൽ വീട്ടിലെ അംഗങ്ങളുടെയുൾപ്പെടെ വിവരങ്ങളും റേഷൻ വിഹിതം, നൽകേണ്ട തുക തുടങ്ങിയവയും ലഭ്യമാകും.
ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ, പി കെ ശ്രീമതി ടീച്ചർ എം പി, ഇ പി ജയരാജൻ എം എൽ എ, ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ഡയറക്ടർ ഡോ. നരസിംഹുഗാരി തേജ്‌ലോഹിത് റെഡ്ഡി എന്നിവർ സംസാരിച്ചു.