തൃശ്ശൂർ: വേനൽചൂടിൽ വലയുന്ന കിളികൾക്ക് ജലലഭ്യതയ്ക്കായി കുടിവെള്ളതൊട്ടി കലക്ട്രേറ്റിൽ സ്ഥാപിച്ചു. ജില്ലാ കലക്റ്റർ എസ് ഷാനവാസ് വെള്ളം നിറച്ചാണ് പദ്ധതി ആരംഭിച്ചത്. അന്താരാഷ്ട്ര വനദിനമായ മാർച്ച് 21ന്റെ ഭാഗമായി വനം വകുപ്പ് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് കലക്ട്രേറ്റിൽ കുടിവെള്ളതൊട്ടി സ്ഥാപിച്ചത്. ഒരാഴ്ച നീണ്ട് നിൽക്കുന്ന വനദിനാഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വനം കൊള്ള മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന തിരിച്ചറിവ് നൽകുന്നതിനായി വിവിധ ബോധവത്കരണ ക്ലാസുകൾ, തെരുവ് നാടകം, ടർട്ടിൽ വോക്ക് എന്നിവ നടത്തും. ജില്ലയിൽ 25 സർക്കാർ സ്ഥാപനങ്ങളിലും കുടിവെള്ളതൊട്ടി സ്ഥാപിക്കുന്നുണ്ട്.