തൃശ്ശൂർ: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ എം സി സി സ്ക്വാഡ് അംഗങ്ങൾക്ക് എം സി സി ജില്ലാ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കലക്ടർ പി എ പ്രദീപ് ഓൺലൈനായി നിർദേശങ്ങൾ നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിന്മേൽ വിശദമായ അന്വേഷണം നടത്തി കഴിയുന്നത്ര വേഗത്തിൽ വ്യക്തമായ റിപ്പോർട്ട് സഹിതം എം സി സി നോഡൽ ഓഫീസർക്കും ബന്ധപ്പെട്ട റിട്ടേണിങ്ങ് ഓഫീസർമാർക്കും ലഭ്യമാക്കേണ്ടതാണ്. അവധി ദിവസങ്ങൾ ഉൾപ്പെടെ എല്ലാ ദിവസവും റിപ്പോർട്ടുകൾ രാവിലെ പത്തിന് മുമ്പായി mccndlgekla21gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.പൊതു-സ്വകാര്യ സ്ഥലങ്ങളിൽ കാണപ്പെടുന്ന ചുമരെഴുത്ത്, പോസ്റ്റർ, ബാനർ, കൊടി എന്നിവ സംബന്ധിച്ച വിവരങ്ങൾ മണ്ഡലത്തിലെ ആൻ്റി ഡിഫേയ്സ്മെൻ്റ് സ്ക്വാഡിനെ അറിയിക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു.
മണ്ഡലത്തിൽ നടക്കുന്ന യോഗങ്ങൾ, ജാഥകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ അറിയിക്കണം.

തിരഞ്ഞെടുപ്പിൻ്റെ സുഗമമായ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും എന്ന് ബോധ്യമുള്ള ഏതെങ്കിലും സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതാത് മണ്ഡലത്തിലെ സ്ക്വാഡുകളെയോ ഉദ്യോഗസ്ഥരെയോ അറിയിക്കണം. സ്ക്വാഡിന് വാഹനം ലഭ്യമാകുന്ന മുറയ്ക്ക് മണ്ഡലത്തിൽ പരിശോധന നടത്തേണ്ടതും ഏതെങ്കിലും വിധത്തിലുള്ള പെരുമാറ്റ ചട്ടലംഘനം നടന്നതായി അറിയുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണം. എം സി സിയുമായി ബന്ധപ്പെട്ട് വരുന്ന ചെലവു തുക നൽകുന്നതിനായി, ഉദ്യോഗസ്ഥർ ബില്ലും അനുബന്ധ രേഖകളും കൃത്യമായി എം സി സി നോഡൽ ഓഫീസർക്ക് കാലതാമസം കൂടാതെ ലഭ്യമാക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. കലക്ട്രേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ഓൺലൈനായി നടന്ന യോഗത്തിൽ എം സി സി ജൂനിയർ സൂപ്രണ്ട്മാരായ പി ജി ഉണ്ണികൃഷ്ണൻ, എ ഐ ജയിംസ്, ഡെപ്യൂട്ടി തഹസിൽദാർ എം ആർ രാജേഷ്, 13 മണ്ഡലങ്ങളിലെയും ചാർജ് ഓഫീസർമാർ എന്നിവർ പങ്കെടുത്തു.