തിരുവനന്തപുരം: കാലവര്‍ഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കുന്നതിനായി മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ഇതിനോടനുബന്ധിച്ച് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷനും ഹരിത കേരളം മിഷനും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
ഒരോ പഞ്ചായത്തിലും പ്രത്യേക ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഹരിത കര്‍മ്മ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ശുചിത്വ സ്‌ക്വാഡുകള്‍ ഓരോ വീടുകളിലും നേരിട്ടെത്തി ബോധവത്കരണം നടത്തും. ജലജന്യരോഗങ്ങള്‍ നിയന്ത്രിക്കാന്‍ വെള്ളം കെട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ മാപ് ചെയ്തതിന് ശേഷം ശുചീകരിക്കും.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും ശുചിത്വ മിഷന്‍ 10,000, എന്‍.എച്ച്.എം 10,000, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 5,000 എന്നിങ്ങനെ 25,000 രൂപയാണ് നല്‍കുന്നത്. കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരു വാര്‍ഡില്‍ 20,000 രൂപയും നല്‍കുന്നുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജില്ലാ കളക്ടര്‍ ചെയര്‍പേഴ്സണായുള്ള കോര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് കമ്മിറ്റി.
കളക്ടറേറ്റില്‍ചേര്‍ന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ശുചിത്വ കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.ഫെയ്സി , പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.