വയനാട്: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയുടെ അതിര്‍ത്തി ചെക് പോസ്റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ ചാമരാജനഗര്‍, കൊടക്, മൈസൂര്‍ എന്നിവിടങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ എന്നിവരുമായി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ യോഗത്തിലാണ് തീരുമാനം.

അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് ഓഫീസര്‍മാര്‍, സ്റ്റാറ്റിക് സര്‍വ്വെയിലന്‍സ് ടീം, ഫ്‌ലൈയിംഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം ഉറപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്കുള്ള കാട്ടുവഴികളിലും നിരീക്ഷണം ഏര്‍പ്പെടുത്താന്‍ യോഗത്തില്‍ തീരുമാനിച്ചു.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള രണ്ട് ദിവസങ്ങളിലും, വോട്ടെണ്ണല്‍ ദിവസവും അതിര്‍ത്തി പ്രദേശങ്ങളില്‍ മദ്യ വില്‍പ്പന തടയുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. മാവോവാദി ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിങ്ങും ഉറപ്പാക്കും. കര്‍ണാകയിലെ ഇഞ്ചി, കാപ്പി കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള പ്രത്യേകിച്ച് ആദിവാസി മേഖലയിലുള്ള ജില്ലയിലെ കര്‍ഷകര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നതിനായി ഏപ്രില്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ അവധി നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ പരിഗണിച്ചു.

യോഗത്തില്‍ ചാമരാജനഗര്‍ ജില്ലാ കളക്ടര്‍ ഡോ. എം.ആര്‍. രവി, മൈസൂര്‍ ജില്ലാ കളക്ടര്‍ രോഹിണി സിന്ദൂരി, കൊടക് ജില്ലാ കളക്ടര്‍ ചാരുലത സൊമാല്‍, വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, ചാമരാജനഗര്‍ ജില്ലാ പോലീസ് മേധാവി അനന്ദ കുമാര്‍, മൈസൂര്‍ ജില്ലാ പോലീസ് മേധാവി സി.ബി. റിഷ്യന്ദ്, കൊടക് ജില്ലാ പോലീസ് മേധാവി ക്ഷമ മിശ്ര തുടങ്ങിയവര്‍ പങ്കെടുത്തു.