കാക്കനാട്: വോട്ടെടുപ്പിൽ മുഴുവൻ ആളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി ജില്ലയിലെ പ്രധാന 10 കേന്ദ്രങ്ങളിൽ വോട്ടർ ബോധവത്കരണ സന്ദേശം ഉൾക്കൊള്ളിച്ച ഹൈഡ്രജൻ ബലൂണുകൾ സ്ഥാപിക്കും.

ദർബാർ ഹാൾ ഗ്രൗണ്ട്, കളക്ടറേറ്റ്, ഫോർട്ട് കൊച്ചി, മുവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ , പറവൂർ, ആലുവ, മറൈൻ ഡ്രൈവ്, ചിലവന്നൂർ എന്നീ കേന്ദ്രങ്ങളിലാകും ബലൂണുകൾ സ്ഥാപിക്കുക. കൂടാതെ എൽ.ഇ.ഡി വാളുകൾ സ്ഥാപിച്ച വാഹനങ്ങളും ജില്ലയിൽ പര്യടനം നടത്തും. വോട്ടർ ബോധവത്കരണ സന്ദേശവുമായി ഏഴ് വാഹനങ്ങളാണ് പര്യടനം നടത്തുക.

20ന് വാഹനം പ്രചരണം ആരംഭിക്കും. നെഹ്റു യുവകേന്ദ്രയുടെ യൂത്ത് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വൈറ്റില ഹബ്, ഇടപ്പള്ളി എന്നിവിടങ്ങളിൽ ഫ്ലാഷ് മോബുകളും സ്വീപ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് ബോധവത്കരണ ഓൺലൈൻ കോഴ്സുകളും സ്വീപ്പിൻ്റെ നേതൃത്വത്തിൽ നടത്തും. പത്ത് ദിവസത്തെ കോഴ്സാണ് സംഘടിപ്പിക്കുന്നത്. എറണാകുളത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ സംഘടിപ്പിക്കുന്ന കോഴ്സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.