മലപ്പുറം: ജില്ലയില്  60 വയസ്സ് കഴിഞ്ഞവര്‍ 45 നും 60 നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക യോഗം ചേര്‍ന്നു. ജില്ലയില്‍ 60 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പില്‍ കാര്യമായ പുരോഗതിയുണ്ടാവാത്ത സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്. വരും ദിവസങ്ങളില്‍ ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന്നായി പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് യോഗത്തില്‍ ധാരണയായി.

www.cowin.gov.in  എന്ന വെബ് പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങളുടെ സഹകരണം ഉറപ്പ് വരുത്തും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍  സ്‌പോട്ട് രജിസ്റ്റര്‍ ചെയ്യുതിനുള്ള സൗകര്യങ്ങളും ഒരുക്കും. വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഓരോ വാര്‍ഡിലെയും 60 വയസ്സിന് മുകളിലുള്ളവരുടെ വിവരം ശേഖരിച്ച് അവര്‍ക്ക് വാര്‍ഡ് തലത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിനായി ജനപ്രതിനിധികളുടെ സഹകരണം ഉറപ്പ് വരുത്തും.

കുത്തിവെപ്പ് പ്രചാരണാര്‍ത്ഥം ഓരോ പ്രദേശത്തും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍  നല്‍കുന്നതിനായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകളും ഔട്ട് റീച്ച് ക്യാമ്പുകളും നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബു ലാല്‍,  ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എ. ഷറഫുദ്ധീന്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.