പത്തനംതിട്ട: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 45-59 വരെ പ്രായമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും വാക്‌സിന്‍ എടുക്കുന്നതില്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍ ഷീജ അറിയിച്ചു. പത്തനംതിട്ട ജില്ലയില്‍ മൂന്ന് ലക്ഷത്തോളം മുതിര്‍ന്ന പൗരന്‍മാരുണ്ട്. ഇതില്‍ 75,000 ത്തോളം പേര്‍ മാത്രമേ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളു. ഈ രീതിയില്‍ പോയാല്‍ തീവ്രവ്യാപനം പ്രതീക്ഷിക്കുന്ന ജൂണ്‍ മാസത്തില്‍ ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാകും.

ഏപ്രില്‍ 30 നകം 60 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ ജൂണില്‍ കോവിഡ് നിയന്ത്രണവിധേയമാക്കാന്‍ നമുക്ക് സാധിക്കുകയുള്ളു. വാക്‌സിനേഷന്‍ കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും മറ്റു ഗുരുതര രോഗങ്ങളുള്ളവരെ കോവിഡ് മൂലമുള്ള മരണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഫലപ്രദമാണ്. ജില്ലയില്‍ ഇതുവരെ ഒരു ലക്ഷത്തിലധികം ആളുകള്‍ വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. ഗുരുതരമായി പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് ചെയ്തിട്ടില്ല.

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകെ തീവ്രമാകുന്ന ഈ സാഹചര്യത്തില്‍ പിന്‍വലിച്ച ലോക്ഡൗണ്‍ കാലത്തിലേക്ക് ഒരു പക്ഷേ നമ്മുടെ സംസ്ഥാനവും അധികം താമസിയാതെ എത്തിപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ അപകട സാധ്യത കൂടിയ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും 60 വയസിനു മുകളില്‍ പ്രായമുള്ളവരും അവസരം ഫലപ്രദമായി ഉപയോഗിക്കണം. ജില്ലയില്‍ 63 സര്‍ക്കാര്‍ ആശുപത്രികള്‍, 18 സ്വകാര്യ ആശുപത്രികള്‍, മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടക്കുന്ന പത്തനംതിട്ട കതോലിക്കേറ്റ് കോളേജ് എന്നിവ ഉള്‍പ്പടെ നിലവില്‍ 82 വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ട്.

പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ ഉള്ളവര്‍ക്കും, ഇലന്തൂര്‍, ഓമല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്കും കാതോലിക്കേറ്റ് കോളേജില്‍ നടക്കുന്ന ക്യാമ്പിലെത്തി വാക്‌സിന്‍ എടുക്കാവുന്നതാണ്. 40-59 വയസിനിടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ചികിത്സിക്കുന്ന ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. വാക്‌സിനേഷന്‍ തുടങ്ങിയ ആദ്യഘട്ടത്തില്‍ പ്രായമുള്ളവര്‍ കാണിച്ച താല്‍പര്യം ഇപ്പോള്‍ കുറഞ്ഞു വരുന്നതായി കാണുന്നു. ജില്ലയിലെ കോവിഡ് വ്യാപനം തടയാന്‍ എല്ലാവരും വാക്‌സിനേഷനുമായി സഹകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.