കണ്ണൂർ: ജില്ലയില്‍ ഇന്ന് മാര്‍ച്ച് 19  വെള്ളിയാഴ്ച സര്‍ക്കാര്‍ മേഖലയില്‍ 84 ആരോഗ്യ കേന്ദ്രങ്ങളിലും പിണറായി കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം, കണ്ണൂര്‍ ജൂബിലി മിഷന്‍ ഹാള്‍ എന്നിവിടങ്ങളിലും കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. ഈ കേന്ദ്രങ്ങളില്‍ 60 വയസ്സിന് മുകളിലുള്ള പൗരന്‍മാര്‍ 45 നും 59 നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്.

മുന്‍ഗണനാ വിഭാഗങ്ങളിലുള്ള  എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൂടാതെ 22 സ്വകാര്യ ആശുപത്രികളും ഇന്ന് വാക്‌സിനേഷന്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം.

കോവിന്‍ വെബ്‌സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാം. www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ യുവര്‍ സെല്‍ഫ് എന്ന ഓപ്ഷന്‍   തിരഞ്ഞെടുക്കണം. തുറന്നു വരുന്ന വിന്‍ഡോയില്‍  മൊബൈല്‍ നമ്പര്‍ നല്‍കി ഗെറ്റ് ഓടിപി എന്ന ഓപ്ഷന്‍ ക്ലിക്  ചെയ്യുക. മൊബൈലില്‍ വരുന്ന ഓടിപി നല്‍കുക. ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയിലെ നമ്പറും വ്യക്തിഗത വിവരങ്ങളും നല്‍കിയാല്‍ രജിസ്റ്റേര്‍ഡ് എന്ന സന്ദേശം ലഭിക്കും. തുടര്‍ന്ന് ലഭ്യമാകുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗകര്യപ്രദമായത് തിരഞ്ഞെടുക്കുക ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുടുംബത്തിലെ നാല് പേരെ രജിസ്റ്റര്‍ ചെയ്യാം. ഓരോരുത്തരും അവരവരുടെ തിരിച്ചറിയല്‍ രേഖ വിവരങ്ങള്‍ നല്‍കണം.

വാക്‌സിനേഷന്‍ കൊടുക്കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍

അനാമയ  ഹോസ്പിറ്റല്‍ പയ്യന്നുര്‍, സബാ  ഹോസ്പിറ്റല്‍ പയ്യന്നുര്‍, സഹകരണാശുപത്രി തലശ്ശേരി, ശ്രീചന്ദ് ഹോസ്പിറ്റല്‍ കണ്ണൂര്‍, ആസ്റ്റര്‍ മിംസ് കണ്ണൂര്‍, ജിം കെയര്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍, സഹകരണാശുപത്രി പയ്യന്നൂര്‍, അശോക ഹോസ്പിറ്റല്‍ കണ്ണൂര്‍, അമല ഹോസ്പിറ്റല്‍ ഇരിട്ടി, രാജീവ് ഗാന്ധി സഹകരണാശുപത്രി ശ്രീകണ്ഠപുരം, ടെലി മെഡിക്കല്‍സെന്റര്‍ തലശ്ശേരി, ജോസ്ഗിരി ഹോസ്പിറ്റല്‍ തലശ്ശേരി, പയ്യന്നൂര്‍ ഐ ഫൌണ്ടേഷന്‍, കൊയിലി ഹോസ്പിറ്റല്‍, കണ്ണൂര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് അഞ്ചരക്കണ്ടി, മിഷന്‍ ഹോസ്പിറ്റല്‍ തലശ്ശേരി, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍, കിംസ്റ്റ് ഹോസ്പിറ്റല്‍ കണ്ണൂര്‍,  ക്രിസ്തുരാജ ഹോസ്പിറ്റല്‍ കൂത്തുപറമ്പ്, അര്‍ച്ചന ഹോസ്പിറ്റസില്‍ പേരാവൂര്‍, ഡോ. ബീബിസ്  ഹോസ്പിറ്റസില്‍ പഴയങ്ങാടി.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡോ, അംഗീകൃത ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ കരുതണം. 45 നും 59 നും ഇടയിലുള്ളവര്‍ ഒരു രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ ഒപ്പിട്ട കോമോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.