പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന് ആന്റ് ഇലക്ടറല് പാര്ട്ടിസിപ്പേഷന് പ്രോഗ്രാം) ഭാഗമായി വോട്ടിങ്ങിൻ്റെ പ്രാധാന്യം വിഷയമാക്കി ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സുമായി ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് സംവദിച്ചു. ചർച്ചയുടെ ഭാഗമായി ജില്ലയിലെ ട്രാൻസ്ജെൻഡർ വ്യക്തികൾ തങ്ങളുടെ വോട്ടിങ് സംബന്ധിച്ച് സംസാരിച്ചു.
വോട്ടർപ്പട്ടികയിൽ പേരുൾപ്പെടുത്തിയ മുഴുവൻ ട്രാൻസ്ജെൻഡറുകളുടേയും വോട്ട് ഉറപ്പാക്കണമെന്ന് യോഗത്തിൽ ജില്ലാ കലക്ടർ പറഞ്ഞു. ജില്ലയിൽ ഐഡന്റിറ്റി വെളിപ്പെടുത്തിയ 45 ട്രാൻസ്ജൻഡേഴ്സിൽ 10 പേരാണ് നിലവിൽ വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. പരിപാടിയിൽ 25 – ഓളം ട്രാൻസ്ജൻഡറുകൾ പങ്കെടുത്തു.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക്, അസിസ്റ്റന്റ് കലക്ടർ ഡി.ധർമലശ്രീ, സ്വീപ് നോഡല് ഓഫീസറും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസറുമായ എം. അനില്കുമാര്, ജില്ലാ സാമൂഹ്യ നീതിവകുപ്പ് ഓഫീസർ കെ.എം. ഷെറീഫ് ഷൂജ, ഷൗക്കത്ത് അലി എന്നിവർ പങ്കെടുത്തു.