ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നെല്‍കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതികള്‍ സമയബന്ധിതമായി തയ്യാറാക്കണമെന്ന് കാര്‍ഷികോത്പാദന കമ്മീഷണറും ആഭ്യന്തര വകുപ്പ് അഢീഷണല്‍ ചീഫ് സെക്രട്ടറിയുമായ സുബ്രതാ ബിശ്വാസ് പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് ഹരിതകേരള മിഷന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതകര്‍മ്മ സേന ജൈവ മാലിന്യം സംസ്‌കരിച്ച് ജൈവവളം ഉണ്ടാക്കി വിപണനം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം.
സംസ്ഥാനത്ത് നെല്‍കൃഷിയുടെ വിസ്തീര്‍ണം നിലവിലുള്ള 2 ലക്ഷം ഹെക്ടറില്‍ നിന്നും 3 ലക്ഷം ഹെക്ടറാക്കി വര്‍ദ്ധിപ്പിക്കാനാണ് ഹരിതകേരള മിഷനിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാല് ബ്ലോക്കുകളിലുമുള്ള കൃഷിയിടങ്ങളില്‍ ജലസേചന സൗകര്യം ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികള്‍ കൃഷി വകുപ്പ് അസി.ഡയറക്ടര്‍മാര്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്ത് സ്ഥല പരിശോധന നടത്തി മെയ് 30നകം തയ്യാറാക്കണം. കാരാപ്പുഴ ജലസംഭരണിയിലെ ജലം ഉപയോഗിച്ച് മീനങ്ങാടി, അമ്പലവയല്‍ ഗ്രാമ പഞ്ചായത്തുകളില്‍ നെല്‍കൃഷി വികസനത്തിന് പദ്ധതികള്‍ ഉണ്ടാക്കണം. പുഴകളിലൂടെ ഒഴുകിപോകുന്ന ജലം കാര്യക്ഷമമായി വിനിയോഗിച്ച് ഭൂജല പരിപോഷണം ഉറപ്പുവരുത്താന്‍ താല്‍കാലിക ചെറുകിട ജല സംഭരണികള്‍ പരിസ്ഥിതി സൗഹൃദമായി നിര്‍മ്മിക്കാനുള്ള സാധ്യതയും പരിശോധിക്കണം. ജലസേചന വകുപ്പിന്റെ തടണകളുടെ അറ്റകുറ്റ പണികള്‍ എത്രയും പെട്ടന്ന് പൂര്‍ത്തീകരിക്കണം. ജില്ലയിലെ ജലസേചന സൗകര്യം ലഭ്യമാക്കാന്‍ തടസ്സമായതും വനം വകുപ്പുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങള്‍ ഉന്നതതല യോഗത്തില്‍ അവതരിപ്പിക്കും. ഇതിനായി ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണം.
യോഗത്തില്‍ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ.രാജശേഖരന്‍, മുഖ്യമന്ത്രിയുടെ മിഷന്‍ മോണിറ്ററിംഗ് സെല്‍ അംഗം കെ.സുനില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, ഡെപ്യൂട്ടി കളക്ടര്‍ ഇ.പി.മേഴ്‌സി, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷീല ജോണ്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്നി ജോസഫ്, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ഡോ.പി.മുരളീധരന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.