പോളിങ്ങ് ബൂത്ത് ഒരു മന്ത്രികസഞ്ചി; കാണികളെല്ലാം വോട്ടര്‍മാര്‍

വയനാട്: മാന്ത്രിക സഞ്ചിയില്‍ നിന്നും ആദ്യം മാസ്‌ക്, പിന്നെ വോട്ടേഴ്സ് സ്ലിപ്പും, തിരിച്ചറിയല്‍ കാര്‍ഡും. കരുത്തുറ്റ ജനാധിപത്യത്തിനായി പെട്ടിയില്‍ വീഴും ഒരു വോട്ട്. കോവിഡ് മഹാമാരിയെയും മറികടന്ന് പോളിങ്ങ് ബൂത്തുകള്‍ മറ്റൊരു വോട്ടെടുപ്പിനായി തയ്യാറാകുമ്പോള്‍ തെരുവ് മാജിക്കുമായി വയനാട്ടിലെ സ്വീപ് നഗരത്തിലിറങ്ങി. മാസ്‌കും സാനിറ്റെസറും കോവിഡ് പ്രതിരോധ മാര്‍ഗങ്ങളുമായി എന്റെ നാടിനായി എന്റെ വോട്ട് എന്ന സന്ദേശ പ്രചാരണത്തില്‍ കല്‍പ്പറ്റയില്‍ മൂന്നിടങ്ങളിലായി അവതരിപ്പിച്ച മാജിക് ഷോയും ശ്രദ്ധേയമായി.

ആവശ്യമായ രേഖകളില്ലാത്ത വോട്ടര്‍മാര്‍ക്ക് പോളിങ്ങ് ബൂത്ത് മാന്ത്രികന്റെ കൈയ്യിലെ ശൂന്യമായ സഞ്ചിയാണ്. രേഖകളുണ്ടെങ്കില്‍ അനു നിമിഷം അതൊരു പോളിങ്ങ് ബൂത്തായിമാറും. ജനാധിപത്യ പ്രക്രിയയില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കോവിഡ് കാലത്തെ വോട്ടെടുപ്പ് പ്രക്രിയകളെക്കുറിച്ചുമാണ് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറര്‍ പാര്‍ട്ടിസിപേഷന്‍ പ്രോഗ്രാം) ജില്ലയിലുടെ നീളം വിവിധ ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്. വോട്ടവകാശവും പൗരന്‍മാരും എന്ന വിഷയത്തെ കോര്‍ത്തിണക്കി മുതുകാട് മാജിക് അക്കാദമി മുന്‍ വിദ്യാര്‍ഥി വെള്ളമുണ്ട സ്വദേശി വിവേക് മോഹനാണ് ജാലവിദ്യ അവതരിപ്പിച്ചത്. കെ.അശ്വതി, എം.രാഹുല്‍ എന്നിവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു.

കല്‍പ്പറ്റ യെസ് ഭാരത് ജംഗ്ഷനില്‍ അസി.കളക്ടര്‍ ഡോ.ബല്‍പ്രീത് സിങ് തെരുവ് മാജിക് ഷോയും ഗാനമേളയും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് സുഭദ്രനായര്‍ അദ്ധ്യക്ഷത വഹിച്ചു. സ്വീപ് ബോധവത്കരണത്തിന്റെ ഭാഗമായി കായിക മത്സരങ്ങള്‍, പരുന്താട്ടം, ഗദ്ദിക അനുഷ്ഠാനകലകളുടെ അവതരണം, വിവിധ കലാപരിപാടികള്‍, സൈക്കിള്‍, ബുള്ളറ്റ് റാലികള്‍ തുടങ്ങിയവ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയിരുന്നു. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചും നെഹ്റു യുവ കേന്ദ്ര, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്.