ആലപ്പുഴ: ജില്ലയിൽ വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാകലക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയിൽ കൂടിയ ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. ഇതിൻറെ ഭാഗമായി കാർത്തികപ്പള്ളി താലൂക്കിലുള്ള ആറാട്ടുപുഴയിലെ മംഗലം ഗവൺമെൻറ് സ്കൂൾ, കടക്കരപ്പള്ളിയിലെ തങ്കി സെൻറ് മേരീസ് പാരിഷ് ഹാൾ എന്നിവിടങ്ങളിലും അധികമായി വാക്സിനേഷൻ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങി. മംഗലം ഗവൺമെൻറ് സ്കൂളില്‍ ശനിയാഴ്ച തന്നെ വാക്സിനേഷന്‍ ക്യാമ്പ് തുടങ്ങും.
ജില്ലയിലെ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് രണ്ടുദിവസത്തിനകം വാക്സിനേഷൻ പൂര്‍ത്തിയാക്കുമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പുമായി ചേർന്നാണ് വൃദ്ധ സദനങ്ങളിലെ വാക്സിനേഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുക. വൃദ്ധസദനങ്ങളിലെ വാക്സിനേഷൻ പരിപാടികൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് ആരംഭിച്ചു. സാമൂഹ്യസുരക്ഷാ മിഷനുമായി ബന്ധപ്പെട്ട് 33 വൃദ്ധസദനങ്ങൾ ആണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഇതിനായി ഡോക്ടർ, നേഴ്സ് എന്നിവരുൾപ്പെടുന്ന ടീമിനെ സാമൂഹ്യ സുരക്ഷാ മിഷൻ തന്നെ തയ്യാറാക്കി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും ആരോഗ്യ കേരളവും മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും ചേർന്ന് പുന്നപ്ര വിജ്ഞാന പ്രദായിനി വായനശാലയിലും, മാരാരിക്കുളം സൈക്ലോൺ ഷെൽട്ടറിലും വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചിരുന്നു. ചേർത്തല ടൗൺ ഹാൾ, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാൾ, ഹരിപ്പാട് കാവൽ മാർത്തോമ ഡെവലപ്‌മെന്റ് സെന്റർ, കായംകുളം ടൗൺഹാൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് , മാവേലിക്കര ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലും മെഗാ ക്യാമ്പ് നടക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ പി.എച്ച്.സി, സി.എച്ച്.സി, താലൂക്ക് , ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളിലും മെഡിക്കല്‍ കോളജിലെ അഞ്ച് കേന്ദ്രങ്ങള്‍ വഴിയും വാക്സിനേഷന്‍ നടക്കുന്നു. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ഈ ക്യാമ്പുകളില്‍ നേരിട്ടെത്തി രജസ്ട്രേഷന്‍ നടത്തി വാക്സിന്‍ സ്വീകരിക്കാം.