ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനും, ജില്ലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതു നിരീക്ഷകന്‍ ജില്ലാ ആസ്ഥാനത്ത് എത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായി സ്ഥിതിഗതി വിലയിരുത്തി. ഡല്‍ഹി സാമൂഹ്യ നീതി ശാക്തികരണ വകുപ്പ് ജോയിന്റ് സെക്രട്ടറി സുരേന്ദ്ര സിംഗ് ഐഎഎസ് ആണ് വെള്ളിയാഴ്ച് ജില്ലയില്‍ എത്തിയ പൊതു നിരീക്ഷകന്‍.
ജില്ലയിലെ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് നല്‍കാന്‍ അവസരമുണ്ട്. ജില്ലാ കളക്ടറേറ്റില്‍ എത്തിയ പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകനായ സുരേന്ദ്ര സിംഗിനെ ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ പുച്ചെണ്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകള്‍, ദേശീയ – പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ -ചിഹ്നങ്ങള്‍, ഇതുവരെ ലഭിച്ച തിരഞ്ഞെടുപ്പ് പരാതികളുടെയും മറ്റും വിശദാംശങ്ങള്‍ കളക്ടറുടെ ചേമ്പറില്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശനോടൊപ്പം സുരേന്ദ്ര സിംഗ് വിശകലനം ചെയ്തു.
ഇടുക്കി, ഉടുമ്പന്‍ചോല റിട്ടേണിംഗ് ഓഫീസര്‍മാരെയും സന്ദര്‍ശിച്ച് തിരഞ്ഞെടുപ്പ് സ്ഥിതി ഗതികള്‍ വിലയിരുത്തി. അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജി, എ ഡി എം അനില്‍ കുമാര്‍ എം.റ്റി, ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമി ഐഎഎസ്, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര്‍ വൃന്ദാദേവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.