എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കിയിട്ടുളള സ്ഥാനാര്‍ത്ഥികള്‍, എക്സ്പെന്‍ഡിച്ചര്‍ ഏജന്‍റുമാര്‍ എന്നിവര്‍ക്കായി തിരഞ്ഞെടുപ്പ് വരവ്, ചെലവ് കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിനായി ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു. പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, കളമശ്ശേരി, പറവൂര്‍ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കും എക്സ്പെന്‍ഡിച്ചര്‍ ഏജന്‍റുമാര്‍ക്കുമുള്ള പരിശീലനം ഞായറാഴ്ച (21/03/21) രാവിലെ 10.30ന് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും വൈപ്പിന്‍, എറണാകുളം, കൊച്ചി, തൃക്കാക്കര, തൃപ്പൂണിത്തുറ നിയോജകമണ്ഡലങ്ങളിലെ പരിശീലനം അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിക്ക് എറണാകുളം നോര്‍ത്തിലുള്ള കൊച്ചി നഗരസഭ ടൗണ്‍ ഹാളില്‍ നടക്കും.
കുന്നത്തുനാട്, പിറവം, മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലങ്ങളിലെ പരിശീലനം തിങ്കളാഴ്ച (22/03/21) രാവിലെ 10.30ന് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പരിശീലനത്തില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും അവരുടെ തിരഞ്ഞെടുപ്പ് വരവ് ചെലവ് കൈകാര്യം ചെയ്യുന്ന അഡീഷണല്‍ എജന്‍റുമാരും പങ്കെടുക്കണമെന്ന് ജില്ലാ ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയ തീയതി മുതല്‍ വോട്ടെടുപ്പ് തീയതി വരെയുള്ള മുഴുവന്‍ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകളും ജനപ്രാതിനിധ്യനിയമം 1951ലെ വകുപ്പ് 71 (1) പ്രകാരം കൃത്യമായി എഴുതി സൂക്ഷിക്കേണ്ടതും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ക്ക് മുമ്പാകെ നിര്‍ദ്ദേശിക്കുന്ന തീയതികളില്‍ ഹാജരാക്കേണ്ടതുമാണ്.
വ്യവസ്ഥകള്‍ പാലിക്കാത്ത സ്ഥാനാര്‍ത്ഥികളുടെ പ്രചരണ വാഹനങ്ങള്‍, റാലികള്‍, പൊതുപരിപാടികള്‍ എന്നിവയ്ക്കായി നല്‍കിയ അനുമതി റദ്ദ് ചെയ്യുന്നതും ഇന്ത്യന്‍ ശിക്ഷാ നിയമം 171 (1) പ്രകാരമുള്ള നടപടി സ്വീകരിക്കുന്നതുമാണ്. സ്ഥാനാര്‍ത്ഥികള്‍ പതിനായിരം രൂപയില്‍ കൂടുതലുള്ള എല്ലാ വരവ് ചെലവുകളും തിരഞ്ഞെടുപ്പിനായി പ്രത്യേകം ആരംഭിച്ച ബാങ്ക് അക്കൗണ്ട് മുഖേനെ മാത്രം നടത്തേണ്ടതാണെന്നും ഫിനാന്‍സ് ഓഫീസര്‍ അറിയിച്ചു.