സുരക്ഷയൊരുക്കാന്‍ 975 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും, 556 കേന്ദ്രസേനാംഗങ്ങളും
കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ 2256 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും. 10 ഡി വൈ എസ് പി മാര്‍, 23 പോലീസ് ഇന്‍സ്‌പെക്ടര്‍ മാര്‍, എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 241 ഉദ്യോഗസ്ഥര്‍, 1982 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ ജില്ലാ പൊലീസ് മേധാവി പി ബി രാജീവിന്റെ നിര്‍ദേശ പ്രകാരം അതത് മേഖലകളില്‍ മേല്‍നോട്ടം വഹിക്കും. പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 975 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിക്കും. സൈന്യത്തില്‍ നിന്നും പൊലീസില്‍ നിന്നും വിരമിച്ചവര്‍, 18 വയസ്സ് പൂര്‍ത്തിയായ സ്‌പെഷ്യല്‍ പൊലീസ് കേഡറ്റുമാര്‍, എന്‍.സി.സി കേഡറ്റുകള്‍ എന്നിവരെയാണ്് പോളിങ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി നിയോഗിക്കുന്നത്. എക്‌സൈസ്, വിജിലന്‍സ്, ക്രൈംബ്രാഞ്ച്, ഫോറസ്റ്റ്, മോട്ടോര്‍ വാഹനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊലീസിനൊപ്പം ചുമതലകളിലുണ്ടാകും.