**നൂറുമിനിറ്റിനകം നടപടി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റചട്ട ലംഘനം ഉള്‍പ്പെടെയുള്ള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ സിറ്റിസണ്‍ ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുള്ള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലില്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സി-വിജില്‍ വഴി ജില്ലാ തെരഞ്ഞെടുപ്പ് സെന്ററിലേയ്ക്ക് അയയ്ക്കാം. പെരുമാറ്റച്ചട്ടലംഘനം നടത്തിയതിന്റെ തെളിവായി ചിത്രങ്ങളോ പരമാവധി രണ്ടു മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയോ/ഓഡിയോയോ ആപ്പില്‍ അപ് ലോഡ് ചെയ്യാനാകും. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ അതതു നിയമസഭാമണ്ഡലങ്ങളിലെ സ്‌ക്വാഡുകള്‍ക്കു കൈമാറുകയും അവര്‍ എത്രയും വേഗം സ്ഥലത്തെത്തി നടപടി സ്വീകരിക്കുകയും ചെയ്യും.
ആപ്പ് ഉപയോക്താക്കള്‍ക്ക് പരാതിയിലുള്ളനടപടിയുടെ പുരോഗതി നിരീക്ഷിക്കാനും സൗകര്യമുണ്ട്. ഒരാള്‍ക്ക് ഒന്നിലേറെ പരാതികള്‍ നല്‍കാനുമാകും. പരാതി നല്‍കുന്നവരുടെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ 0471-2732254 എന്ന കണ്‍ട്രോള്‍ റൂം നമ്പരിലും അറിയിക്കാം.
സി-വിജില്‍; ഇതുവരെ ലഭിച്ചത് 9,962 പരാതികള്‍
നിയമസഭാ തെരഞ്ഞെടുപ്പിലെ പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് 9,962 പരാതികളാണ് സി വിജില്‍ ആപ്പുവഴി ജില്ലയില്‍ ലഭിച്ചത്. ഇതില്‍ ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്നാണ്. 1,631 എണ്ണം. ഏറ്റവും കുറവ് ലഭിച്ചത് അരുവിക്കര മണ്ഡലത്തിലാണ്. 249 എണ്ണം. മണ്ഡലാടിസ്ഥാനത്തിലുള്ള പരാതികളുടെ എണ്ണം ചുവടെ.
അരുവിക്കര- 249
ആറ്റിങ്ങല്‍- 701
ചിറയിന്‍കീഴ്- 1,631
കാട്ടാക്കട- 671
കഴക്കൂട്ടം- 584
കോവളം- 625
നെടുമങ്ങാട്- 684
നേമം- 869
നെയ്യാറ്റിന്‍കര- 476
പാറശ്ശാല- 569
തിരുവനന്തപുരം- 533
വാമനപുരം- 304
വര്‍ക്കല- 705
വട്ടിയൂര്‍ക്കാവ്- 1,361