ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രകൃതി സൗഹൃദ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റില്‍ ഹരിത പോളിംഗ് ബൂത്തിന്റെ മാതൃക ഒരുക്കി. ഹരിത പെരുമാറ്റച്ചട്ട മാതൃകാ ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. ‘ഹരിതമാകട്ടെ ഈ തെരഞ്ഞെടുപ്പ്’ എന്ന ബോധവത്കരണത്തിന്റെ ഭാഗമായാണ് ശുചിത്വമിഷന്‍ ബൂത്ത് നിര്‍മിച്ചത്.

പൂര്‍ണമായും പ്രകൃതി സൗഹൃദ വസ്തുക്കളും പുനരുപയോഗത്തിന് സാധ്യമായ വസ്തുക്കളും ഉപയോഗിച്ചാണ് ബൂത്തിന്റെ നിര്‍മാണം. ശുചിത്വ സന്ദേശങ്ങള്‍ ബൂത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. കുടിവെള്ളം, സാനിറ്റൈസര്‍, ഉപയോഗ ശേഷം ഗ്ലൗസ് അടക്കമുള്ളവ നിക്ഷേപിക്കുന്നതിനുള്ള കുട്ടകള്‍ എന്നിവയും ഇവിടെയുണ്ട്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എങ്ങനെ വോട്ട് രേഖപ്പെടുത്തണമെന്നടക്കമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനുള്ള ലഘു ലേഖകളും ബൂത്തിലുണ്ട്.

വോട്ടിംഗ് മെഷീന്‍, കണ്‍ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മനസ്സിലാക്കാനായി മെഷീനുകള്‍ ഇവിടെ സജ്ജമാക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. വി. ജയകുമാരി, പി. എ. യൂ. പ്രൊജക്റ്റ് ഡയറക്ടര്‍ എ. പ്രദീപ് കുമാര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുഞ്ഞു ആശാന്‍, പ്രസാദ്, പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രകാശന്‍, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് സന്ധ്യ, ഷെഹനാ കബീര്‍, ബിനുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.