ആലപ്പുഴ : സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്ക് ഉള്‍പ്പടെയുള്ള എല്ലാ ബാങ്കുകളിലെയും വലിയ തുകയ്കുള്ള പണം ഇടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍. സംസ്ഥാന തല ചെലവ് സംബന്ധിച്ച പ്രത്യേക നിരീക്ഷകന്‍ ഡോ.പുഷ്പിന്ദര്‍ സിങ് പുനിഹയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി . ഇതു സംബന്ധിച്ച് പരിശോധിച്ച് ദൈനംദിന റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. വലിയ പണമിടപാടുകള്‍ ആദായ നികുതി വകുപ്പും പരിശോധിക്കും.

മദ്യവും പണവും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികള്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി മദ്യം സൂക്ഷിക്കുന്ന ഗോഡൗണുകളില്‍ ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും. പോലീസ്-എക്സൈസ്-റെയില്‍വേ പോലീസ് സംയുക്ത പരിശോധനകള്‍ വ്യാപകമാക്കും. അനധികൃത പണമിടപാടുകള്‍ കണ്ടെത്തുന്നതിനും വാഹന പരിശോധനയ്ക്കും സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമിനെ രഹസ്യമായി വിവിധ കേന്ദ്രങ്ങളില്‍ നിയോഗിക്കാനും തീരുമാനിച്ചു. വാഹന പരിശോധന കര്‍ശനമാക്കും. കളക്ട്രേറ്റില്‍ നടന്ന വരണാധികാരികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ , ചെലവ് നിരീക്ഷകരായ വിരേന്ദർ സിങ്, ബസന്ത് ഗർവാൾ, രഘുവൻഷ് കുമാർ, സബ്കളക്ടര്‍ എസ്.ഇലക്യ, ഫിനാൻസ് ഓഫീസർ ഷിജു ജോസ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജെ.മോബി എന്നിവര്‍ പങ്കെടുത്തു.