പാലക്കാട്: പ്രകൃതി സൗഹാര്ദ തിരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സിവില് സ്റ്റേഷന് പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ ബൂത്ത് അസിസ്റ്റന്റ് കലക്ടര് ഡി.ധര്മ്മലശ്രീ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്, ഹരിതകേരളം മിഷന്, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില് പ്രകൃതി സൗഹാര്ദ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ആവശ്യകതയും വേണ്ട മാര്നിര്ദേശങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഹരിത മാതൃകാ ബൂത്ത് ഒരുക്കിയത്. ട്രാന്സ്ജെന്ഡര് വിഭാഗത്തില്പ്പെട്ട രണ്ടുപേരാണ് തണ്ണീര്പന്തല് കൂടിയായി പ്രവര്ത്തിക്കുന്ന ബൂത്തില് വളണ്ടിയര്മാരായിട്ടുള്ളത്. വോട്ടിങ് യന്ത്രം പരിചയപ്പെടുന്നതിനും ബൂത്തില് സൗകര്യമൊരുക്കിയിട്ടുണ്ട്.
വുഡ്, ഓല, കയര് തുടങ്ങി പൂര്ണമായും പ്രകൃതി സൗഹൃദ ഉല്പന്നങ്ങള് ഉപയോഗിച്ചാണ് മാതൃക പോളിംഗ് ബൂത്ത് നിര്മിച്ചിരിക്കുന്നത്. മണ്പാത്രത്തില് കുടിവെള്ളം, വുഡ് നിര്മ്മിതമായ ടേബിള്, ക്ലോക്ക്് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മുളയില് നട്ടുവളര്ത്തിയ ചെടികളാല് അലങ്കാരിച്ചാണ് ബൂത്ത് ഒരുക്കിയിട്ടുണ്ട്. മെഡിക്കല്, ജൈവ, അജൈവ മാലിന്യങ്ങള് തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്.
ഹരിത പെരുമാറ്റച്ചട്ടം സംബന്ധിച്ച വിവരങ്ങളും പ്രകൃതി സൗഹാര്ദ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാര്ഗനിര്ദേശങ്ങളും ഉള്പ്പെടുന്ന ലഘുലേഖ, പോസ്റ്ററുകള്, നോട്ടീസുകള് തുടങ്ങിയവ ബൂത്തില് വിതരണം ചെയ്യുന്നുണ്ട്. ഏപ്രില് അഞ്ച് വരെ സിവില് സ്റ്റേഷനില് ബൂത്ത് പ്രവര്ത്തിക്കും. കലാകാരനും സിനിമ പ്രവര്ത്തകനുമായ സബീഷാണ് മാതൃകാ പോളിംഗ് ബൂത്ത് ഒരുക്കിയത്. ഹരിതകേരളം മിഷന് ജില്ലാ കോഡിനേറ്റര് വൈ. കല്യാണ കൃഷ്ണന്, ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര് ടി.ജി അഭിജിത്ത്, സ്വീപ് നോഡല് ഓഫീസര് എം.അനില് കുമാര്, മറ്റ് ഉദ്യോഗസ്ഥര് എന്നിവര് പരിപാടിയില് പങ്കെടുത്തു.