പൊതു ഇടങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കേരള പോലീസിന്റെ അഭിമുഖ്യത്തില്‍ മേളയില്‍ നടന്ന സ്വയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. വനിത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിറവ് 2018 ന്റെ വേദിയിലാണ് അപകട സാഹചര്യങ്ങളില്‍ സ്വയം പ്രതിരോധിക്കാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ പരിപാടി സംഘടിപ്പിച്ചത്.സ്ത്രീകള്‍ തനിച്ച് സഞ്ചരിക്കുമ്പോള്‍ ഉണ്ടാകുന്ന മോഷണ ശ്രമം,അതിക്രമ സാഹചര്യങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ വേദിയില്‍ ഉദ്യോഗസ്ഥര്‍തന്നെ പ്രദര്‍ശിപ്പിച്ചു.പൊതു ഇടങ്ങളിലും യാത്രവേളകളിലും ഇന്ന് പലപ്പോഴും സ്ത്രീകള്‍ ചൂഷ്ണങ്ങള്‍ക്ക് വിധേയമാകാറുണ്ട്,ഇത്തരം സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ സ്ത്രീകളെ സ്വയം സജ്ജമാക്കുന്നതിനും മനോധൈര്യം നല്‍കുന്നതിനുമാണ് ഇത്തരത്തില്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ പരിപാടികള്‍ നടത്തുന്നതെന്ന് പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തൊടുപുഴ വനിതാ ഹെല്പ് ലൈന്‍ എസ് ഐ എന്‍ എന്‍ സുശീല പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ,പൊതുപരിപാടികള്‍ എന്നിങ്ങനെ വിവിധ ഇടങ്ങളിലായി ഇതിനകം അമ്പതിനായിരത്തിലധികം ആളുകള്‍ക്ക് ഇതിനകം ഇവര്‍ പരിശീലനം നല്‍കി കഴിഞ്ഞു. 2015 മുതലാണ് സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കി ജില്ലതല പ്രതിരോധ പരിപാടികള്‍ നടന്നു വരുന്നത്. ബിന്ദു,റോസ്,അഞ്ചു,അനു, ജിഷ എന്നീ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനം നടത്തുന്നത്.