ആലപ്പുഴ : അനാഥവും അരക്ഷിതവുമായി ബാല്യങ്ങൾക്ക് കുടുംബാന്തരീക്ഷത്തിന്റെ താങ്ങും തണലും നൽകി ബാല്യത്തെ സനാഥമാക്കുന്നതിന് വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലൂടെ നടപ്പാക്കുന്ന അവധിക്കാല പോറ്റി വളർത്തൽ പദ്ധതി ജില്ലയിൽ തുടരുന്നു. സർക്കാർ ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് കുടുംബത്തിന്റെ സുരക്ഷിതത്വവും സ്‌നേഹലാളനകളും നൽകുകയെന്നതാണ് പോറ്റി വളർത്തൽ പദ്ധതിയുടെ  ലക്ഷ്യം. അവധിക്കാലത്ത് സ്വന്തം കുടുംബങ്ങളിലേക്ക് പോകുവാൻ സാധിക്കാത്ത കുട്ടികളെയാണ് വെക്കേഷൻ ഫോസ്റ്റർ കെയറിൽ പങ്കാളികളാക്കിയത്. അവധിക്കാല ഫോസ്റ്റർ കെയറിന് നൽകിയ എട്ടുകുട്ടികളും അവരുടെ പോറ്റി വളർത്തൽ രക്ഷിതാക്കളോടൊപ്പം സന്തോഷത്തോടെയും സുരക്ഷിതത്വത്തോടെയും കഴിയുന്നതായി തുടർ അന്വേഷണത്തിൽ ബോധ്യമായിട്ടുണ്ടെന്ന് ജില്ല ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.  ജില്ലയിൽ നിന്നും അഞ്ചു വർഷമായി 27 കുട്ടികളെ ഇരുപത് കുടുംബങ്ങളുടെ തണലിൽ ഫോസ്റ്റർ കെയർ പദ്ധതി പ്രകാരം സംരക്ഷണം നൽകിയിട്ടുള്ളതും അവധിക്കാലത്തിന് ശേഷം പ്രസ്തുത കുടുംബാംഗവുമായി ഇണങ്ങി ചേർന്ന കുട്ടികളെ പ്രസ്തുത സാഹചര്യത്തിൽ തുടരുന്നതിന് സി.ഡബ്‌ളിയു.സി അനുമതി നൽകിയിട്ടുണ്ട്.