കണ്ണൂർ: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനത്തിന് പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ സമയമായി എന്ന സന്ദേശം നല്‍കി  ഈ വര്‍ഷത്തെ ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ നാരായണ നായ്ക് നിര്‍വഹിച്ചു.

മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ക്ഷയം ലോകത്തില്‍ ഏറ്റവും കൂടുതല്‍  കാണപ്പെടുന്നത് ഇന്ത്യയിലാണ്്. പൂര്‍ണ്ണമായും രോഗമുക്തി നല്‍കുന്ന സൗജന്യ ഡോട്ട് ചികിത്സാ രീതിയും  ഇന്ന് നിലവിലുണ്ട്. വായുജന്യ രോഗങ്ങള്‍ക്കെതിരെ ആശുപത്രിതലത്തിലും പൊതു സമൂഹത്തിലും ബോധവല്‍ക്കരണങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് ലോക ക്ഷയരോഗ ദിനാചരണത്തിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ക്ഷയരോഗമുക്ത കേരളത്തിനായുള്ള ടിബി എലിമിനേഷന്‍ മിഷന്‍ കര്‍മ്മ പദ്ധതിയും ആരോഗ്യ വകുപ്പ് നടപ്പാക്കി വരികയാണ്.

ക്ഷയരോഗനിര്‍ണ്ണയത്തിനുള്ള പരിശോധനയും ഡോട്ട് ചികിത്സയും സര്‍ക്കാര്‍ ആശുപ്രതികളിലും ചില സ്വകാര്യ ആശുപ്രതികളിലും സൗജന്യമാണ്. സൗജന്യ ഡോട്‌സ് ചികിത്സ വഴി കുറഞ്ഞത് ആറ് മാസം കൊണ്ട് ക്ഷയരോഗം പൂര്‍ണ്ണമായും ഭേദമാക്കാം.   ജീന്‍ എക്‌സ്‌പേര്‍ട്ട് എന്ന അത്യാധുനിക ജനിതക അണു പരിശോധനാ സംവിധാനം ജില്ലാ ടി ബി സെന്ററിലും, പരിയാരം മെഡിക്കല്‍ കോളേജിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രൂ നാറ്റ് എന്ന അത്യാധുനിക ജനിതക അണു പരിശോധനാ സംവിധാനം തലശ്ശേരി ജനറല്‍ ആശുപ്രതി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, ഗവ. മെഡിക്കല്‍ കോളേജ് പരിയാരം എന്നിവിടങ്ങളിലും എര്‍പ്പെടുത്തിയിട്ടുണ്ട്. തളിപ്പറമ്പ്, പേരാവൂര്‍ താലൂക്ക് ആശുപത്രികളില്‍ പരിശോധനാ സംവിധാനം ഉടന്‍ ആരംഭിക്കും. കൂടാതെ 63 കഫപരിശോധനാ കേന്ദ്രങ്ങളും ജില്ലയിലുണ്ട്.

ക്ഷയരോഗ നിര്‍മാജ്ജനത്തിനായി സ്റ്റെപ് സെന്ററുകള്‍ വഴി സ്വകാര്യ മേഖലയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് ആരോഗ്യ വകുപ്പ്. ഇതു വഴി സര്‍ക്കാര്‍ എന്‍ ടി ഇ പി വഴി നല്‍കുന്ന എല്ലാ സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളും സ്വകാര്യമേഖലയില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കും ലഭ്യമാകും. കൂടാതെ ടിബി നോട്ടിഫിക്കേഷന്‍ എകജാലകത്തിന് കീഴിലാക്കുക എന്ന ലക്ഷ്യം കൈവരിക്കാനും ഇത് സഹായിക്കും. ജില്ലയില്‍ ഈ വര്‍ഷം പുതുതായി ആരംഭിച്ച 3 സ്റ്റെപ് സെന്ററുകള്‍ അടക്കം 13 സ്റ്റെപ് സെന്ററുകളാണുള്ളത്.

2025 ഓടു കൂടി ക്ഷയരോഗമുക്ത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നടന്നു വരുന്ന ക്ഷയരോഗ നിര്‍മാര്‍ജ്ജന കര്‍മ്മ പരിപാടികള്‍ ജില്ലയിലും വിജയകരമായി നടപ്പാക്കുന്നുണ്ട്.  ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുടെ ഫലമായി ജില്ലയിലെ ടിബി രോഗികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞതായാണ് കണക്ക്. ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി സ്റ്റെപ്സ് സെന്ററുകളുടെ ഉദ്ഘാടനം, ക്ഷയരോഗ നിര്‍ണയ ക്യാമ്പുകള്‍, പരിശീലന പരിപാടികള്‍, വിമുക്തി കൂട്ടായ്മകള്‍, സെമിനാറുകള്‍ തുടങ്ങിയവയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്നു വരികയാണ്.

ഐഎംഎ ഹാളില്‍ നടന്ന പരിപാടിയില്‍  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം കെ ഷാജ് അധ്യക്ഷനായി. ജില്ലാ ടിബി സെന്റര്‍ കണ്‍സള്‍ട്ടന്റ് ഡോ. രച്ന ദില്‍നാഥ് ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. ക്ഷയരോഗ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച ആശാവര്‍ക്കര്‍മാര്‍ക്കുള്ള അവാര്‍ഡ് ദാനവും പരിപാടിയോടനുബന്ധിച്ച് നടന്നു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം പ്രീത, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ പി കെ അനില്‍കുമാര്‍, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ബി സന്തോഷ്, ജില്ലാ ടിബി ആന്റ് എയ്ഡ്സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. ജി അശ്വിന്‍, ഐഎംഎ കണ്ണൂര്‍ പ്രതിനിധി ഡോ. സുള്‍ഫിക്കര്‍ അലി, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ. സലീം ലക്കാല്‍, വി പി കുഞ്ഞിക്കണ്ണന്‍, എം കെ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.