പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി മാര്ച്ച് 26, 30, ഏപ്രില് മൂന്ന് തീയതികളില് സ്ഥാനാര്ഥികള് അവരുടെ കണക്കു പുസ്തകം, വൗച്ചറുകള് സഹിതം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര് മുമ്പാകെ പരിശോധനയ്ക്ക് ഹാജരാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര് അറിയിച്ചു.
മാര്ച്ച് 26 ന് നടക്കുന്ന ആദ്യഘട്ട പരിശോധനയ്ക്കായി സ്ഥാനാര്ഥികളോ അവര് നിയോഗിച്ചിട്ടുള്ള ഏജന്റ്മാരോ രാവിലെ 11 മുതല് വൈകിട്ട് നാലിനുള്ളില് ചെലവ് നിരീക്ഷകര് മുന്പാകെയാണ് ഹാജരാകേണ്ടത്.
ചിറ്റൂര്, പാലക്കാട്, മലമ്പുഴ, കോങ്ങാട്, മണ്ണാര്ക്കാട് നിയോജക മണ്ഡലത്തിലെ സ്ഥാനാര്ഥികള് ജില്ലാ പഞ്ചായത്തിന് സമീപമുള്ള പാലക്കാട് ടൂറിസം ഗസ്റ്റ് ഹൗസില് ഹാജരാകണം.
നെന്മാറ, ആലത്തൂര്, തരൂര് മണ്ഡലങ്ങളിലെ സ്ഥാനാര്ഥികള് പാലക്കാട്- കോയമ്പത്തൂര് റോഡിലുള്ള ചന്ദ്രനഗര് ജംഗ്ഷനിലെ പാലക്കാട് ഐടിഐ ഗസ്റ്റ് ഹൗസില് ഹാജരാകണം. പട്ടാമ്പി, തൃത്താല, ഒറ്റപ്പാലം, ഷൊര്ണൂര് മണ്ഡലങ്ങളിലെ കണക്കു പരിശോധന പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടക്കും. മാര്ച്ച് 30, ഏപ്രില് മൂന്ന് തീയതികളില് നടക്കുന്ന പരിശോധനയുടെ സ്ഥലം, സമയം സംബന്ധിച്ച വിവരങ്ങള് പിന്നീട് അറിയിക്കും.