പാലക്കാട്: വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്‌സിമേഷന്‍ (കോവാക്‌സിന്‍) മാര്‍ച്ച് 27 ന് പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂള്‍, ജില്ലാ ആയുര്‍വേദ ആശുപത്രി എന്നീ കേന്ദ്രങ്ങളില്‍ നടക്കും. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് നാലുവരെയാണ് വാക്‌സിന്‍ നല്‍കുക.

കോവാക്‌സിന്‍ രണ്ടാം ഡോസിന്റെ അവസാന അവസരമായതിനാല്‍ ഇതുവരെ രണ്ടാം ഡോസ് എടുക്കാത്ത പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള എല്ലാ മുന്നണിപോരാളികളും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ ഒന്നാം ഡോസ് സ്വീകരിച്ചപ്പോള്‍ ലഭിച്ച ഫാക്ട് ഷീറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ കൊണ്ടുവരേണ്ടതാണ്.