ഏപ്രിൽ ഒന്ന് വരെ ടാഗോര്‍ഹാളില്‍

കോഴിക്കോട്: 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഇതര രോഗങ്ങളുള്ളവര്‍ക്കും വേണ്ടിയുള്ള മെഗാ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് ടാഗോർ ഹാളിൽ ആരംഭിച്ചു. ഏപ്രില്‍ ഒന്നു വരെ തുടരും. ഈ വിഭാഗത്തില്‍ പെടുന്ന ഗുണഭോക്തക്കള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സമയമായവര്‍ക്കും മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ വാക്‌സിന്‍ എടുക്കാവുന്നതാണ്. ഗുണഭോക്താക്കള്‍ www.cowin.gov.in എന്ന സൈറ്റില്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്തി വരുന്നത് വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കുന്നതിനും താമസം ഒഴിവാക്കുന്നതിനും സഹായകമായിരിക്കും. വാക്‌സിനേഷന് വരുന്നവര്‍ മാസ്‌ക് ധരിക്കുകയും കൈകകള്‍ അണുവിമുക്തമാക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ലളിതവും സുരക്ഷിതവും കാര്യമായ പാര്‍ശ്വഫങ്ങളില്ലാത്തതുമാണ്. വാക്‌സിനേഷനിലൂടെ കോവിഡിനെ പ്രതിരോധിക്കാനുള്ള ദൗത്യത്തില്‍ എല്ലാവരുടെയും പങ്കാളിത്തമുണ്ടാകണമെന്ന് ഡിഎംഒ അറിയിച്ചു.