തൃശ്ശൂർ: രാഷ്ട്രീയ മേധാവിത്വത്തെ ഭയപ്പെടാതെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ചുമതല
നിറവേറ്റണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകൻ പുഷ്പേന്ദർ സിംഗ് പുനിയ. കർത്തവ്യ നിർവഹണത്തിന്റെ പേരിൽ ഉദ്യോഗസ്ഥർ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കും. ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും വിവിധ ചട്ടങ്ങളും നൽകിയിട്ടുള്ള അധികാരങ്ങൾ ഫലപ്രദമായി വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ രാമനിലയം സർക്കാർ ഗസ്റ്റ് ഹൗസിൽ തിരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പിൽ പണത്തിന്റെയും മദ്യത്തിന്റെയും ഒഴുക്ക് കർശനമായി തടയണം. എല്ലാ വകുപ്പുകളും വിവരങ്ങൾ കൈമാറി ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ ഇത് നിഷ്പ്രയാസം സാധ്യമാകും. സാമ്പത്തിക മോധാവിത്വത്തിന്റെ പിൻബലത്തിൽ മാത്രം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. തിരഞ്ഞെടുപ്പിൽ തുല്യമായ അവസരം എല്ലാ സ്ഥാനാർത്ഥികൾക്കും ലഭിക്കണമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.
അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള പണമിടപാടുകളിൽ ജാഗരൂകരാകണമെന്ന് യോഗത്തിൽ നിർദ്ദേശമുയർന്നു. വാഹന പരിശോധനകൾ കർശനമാക്കണം. വിമാനത്താവളങ്ങൾ വഴിയും കപ്പൽ മാർഗവും അനധികൃത പണമിടപാടുകൾ നടക്കാൻ സാധ്യത കൂടുതലാണ്. ഇവിടെയും പരിശോധനകൾ കർശനമാക്കണം. സാമ്പത്തികത്തിന് പുറമേ ലഹരി വസ്തുക്കളും കൂടുതലായെത്താനും സാധ്യതയുണ്ട്.
അനധികൃത വിദേശമദ്യ വിൽപനക്കെതിരെയും പരിശോധനകൾ കർശനമാക്കണമെന്നും യോഗത്തിൽ നിർദ്ദേശിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ, റൂറൽ എസ്.പി ജി പൂങ്കുഴലി, ചെലവ് നിരീക്ഷകർ, നോഡൽ ഓഫീസർമാർ, റിട്ടേണിംഗ് ഓഫീസർമാർ, അസി. എക്സ്പെൻറിച്ചർ ഒബ്സർവർമാർ തുടങ്ങിയവർ പങ്കെടുത്തു.