തൃശ്ശൂർ ജില്ലയിൽ പ്രത്യേക തപാൽ വോട്ടെടുപ്പിന് ആരംഭം

ആബ്സെൻ്റീസ് വോട്ടർമാർക്കുള്ള തപാൽ വോട്ടെടുപ്പിൻ്റെ ഉദ്ഘാടനം മുണ്ടൂരിലെ കലാമണ്ഡലം ഗോപിയാശാൻ്റെ വീട്ടിൽ നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ എസ് ഷാനവാസിൻ്റെ നേതൃത്വത്തിൽ പ്രത്യേക പോൾ സംഘം ഗോപിയാശാൻ്റ വീട്ടിലെത്തി വോട്ടെടുപ്പ് നടത്തുകയായിരുന്നു. സ്വീപിൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ കലക്ടർ ഗോപിയാശാന് പൊന്നാടയും മെമൻ്റോയും നൽകി ആദരിച്ചു. തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം പോളിങ് ഉദ്യോഗസ്ഥർ ഗോപിയാശാന് സ്പെഷ്യൽ ബാലറ്റ് നൽകി. താൽക്കാലികമായി തയ്യാറാക്കിയ പോളിങ് സ്‌റ്റേഷനിൽ ഗോപിയാശാൻ വോട്ടു ചെയ്ത് ബാലറ്റ് പേപ്പർ കവറിലിട്ട് തിരിച്ചുനൽകി.

80 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കോവിഡ് രോഗികൾ എന്നിവരിൽ നിന്ന് തപാൽ വോട്ട് അനുവദിക്കുന്നതിനായി ലഭ്യമായ 12 ഡി അപേക്ഷകളിൽ സാധുവായ അപേക്ഷകരെ താമസ സ്ഥലത്തെത്തി വോട്ട് ചെയ്യിക്കുന്ന പ്രക്രിയയ്ക്കാണ് ഇതോടെ ജില്ലയിൽ തുടക്കമായത്. അർഹരായ 37828 പേർക്കാണ് പ്രത്യേക തപാൽ വോട്ട് ചെയ്യാൻ അവസരം. 396 പോളിംഗ് സംഘത്തെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ സംഘത്തിലും 2 പോളിംഗ് ഉദ്യോഗസ്ഥർ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു വീഡിയോഗ്രാഫർ എന്നിവർ ഉൾപ്പെടുന്നു. ഒരു ദിവസം ഒരു പോൾ സംഘം 20 മുതൽ 25 വരെ ആളുകളെ വോട്ട് ചെയ്യിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ശരിയായ രീതിയിൽ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് പോളിംഗ് ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവർ നിർദ്ധിഷ്ട ബ്ലോക്ക് പഞ്ചായത്ത്‌ കാര്യാലയത്തിൽ എത്തി പോളിംഗ് സാമഗ്രികൾ സ്വീകരിക്കും. വോട്ടർമാരെ സന്ദർശന ദിവസവും സമയവും മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.മൈക്രോ ഒബ്സർവർ രവീന്ദ്രൻ ടി കെ, വടക്കാഞ്ചേരി റിട്ടേണിങ് ഓഫീസർ ഉണ്ണികൃഷ്ണൻ, പോൾ ഓഫീസർ ഗോകുൽ കൃഷ്ണൻ, സ്വീപ് ജില്ലാ നോഡൽ ഓഫീസർ ബാലഗോപാൽ പി സി, ബി ഡി ഒ ശശികുമാർ, ബി എൽ ഒ ലില്ലി സി ഒ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.