എറണാകുളം: ജില്ലയിലെ 14 നിയമസഭാ നിയോജകമണ്ഡലങ്ങളിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടപടികള്‍ അതത് മണ്ഡലങ്ങൾക്കായുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ സ്ട്രോംഗ് റൂമുകളില്‍ ആരംഭിച്ചു. തിങ്കളാഴ്ചയോടെ കമ്മീഷനിംഗ് നടപടികള്‍ പൂര്‍ത്തിയാകും. അതത് നിയോജകമണ്ഡല വരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് കമ്മീഷനിംഗ് പൂര്‍ത്തിയാകുന്നത്. എല്ലാ പോളിംഗ് ബൂത്തുകളിലേക്കും കരുതല്‍ വിഭാഗത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നതാണ് കമ്മീഷനിംഗ്.
സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അച്ചടിച്ചിട്ടുള്ള ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ്. വോട്ടിംഗ് യന്ത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കുകയും വിവിപാറ്റ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നങ്ങള്‍ സജ്ജമാക്കുന്നതും കമ്മീഷനിംഗ് അഥവാ കാന്‍ഡിഡേറ്റ് സെറ്റിംഗിന്‍റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ തിരഞ്ഞെടുക്കുന്ന അഞ്ച് ശതമാനം വോട്ടിംഗ് യന്ത്രങ്ങളിലെ ഒരു ശതമാനം വോട്ടിംഗ് യന്ത്രങ്ങളില്‍ 1200 വോട്ടും രണ്ട് ശതമാനം യന്ത്രങ്ങളില്‍ ആയിരം വോട്ടും രണ്ട് ശതമാനം യന്ത്രങ്ങളില്‍ 500 വോട്ടുകള്‍ വീതവും രേഖപ്പെടുത്തി വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനം കുറ്റമറ്റതാണെന്ന് ഉറപ്പാക്കും. ശേഷിച്ച യന്ത്രങ്ങളില്‍ ഓരോ വോട്ടുവീതവും ചെയ്ത് പരിശോധന പൂര്‍ത്തിയാക്കും.
