* പുതിയ ഉത്പന്നമായ ബാംബൂപ്ലൈ സ്റ്റാന്‍ഡേര്‍ഡ് മന്ത്രി എ.സി. മൊയ്തീന്‍
വിപണിയിലിറക്കി
മികച്ച ഗുണനിലവാരത്തിലും വിലക്കുറവിലും ബാംബൂ കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന പുതിയ ഉത്പന്നം ബാംബൂപ്ലൈ സ്റ്റാന്‍ഡേര്‍ഡ് വ്യവസായ, വാണിജ്യ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ വിപണിയിലിറക്കി. വെള്ളമോ അഗ്നിയോ ഏറ്റാലും കേടുപാടു സംഭവിക്കാത്ത സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച പുതിയ ഉത്പന്നത്തിന്റെ 6×4 വലിപ്പവും 4മി.മീ. കനവുമുള്ള ഷീറ്റിന് 750 രൂപയും ജി.എസ്.റ്റിയുമാണ് വില.
നഷ്ടത്തിലായിരുന്ന ബാംബൂ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ലാഭത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പരമ്പരാഗത ഈറ്റത്തൊഴിലാളികള്‍ പങ്കാളികളായിട്ടുള്ള പൊതുമേഖലാ സ്ഥാപനമാണിത്. പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ നിര്‍മിക്കുന്ന പനമ്പുപയോഗിച്ചാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. അവര്‍ക്ക് സ്ഥിരമായ തൊഴിലും വേതനവും നല്‍കാന്‍ ഈ സ്ഥാപനത്തെ ലാഭത്തിലേക്ക് നയിക്കേണ്ടത് അനിവാര്യമാണ്. അടുത്ത വര്‍ഷത്തോടെ ബാംബൂ കോര്‍പറേഷന്‍ പൂര്‍ണ ലാഭത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം ക്ലബ്ബുകള്‍ക്ക് ആവശ്യമായ പരിസ്ഥിതി സൗഹൃദ കുടിലുകള്‍, സ്‌കൂളുകള്‍ക്കുള്ള ബാംബൂ ബെഞ്ചുകള്‍, ഡസ്‌കുകള്‍ എന്നിവയുടെ നിര്‍മാണത്തിലൂടെയും ഉത്പന്നവൈവിധ്യത്തിലൂടെയും കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ക്രിയാത്മക സഹകരണം നല്‍കുന്ന ബാംബൂ കോര്‍പ്പറേഷന്‍ ഡയറക്ടര്‍മാരുടെയും തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും, അസംസ്‌കൃതവസ്തുക്കള്‍ വിതരണം ചെയ്യുന്ന വനംവകുപ്പിന്റെയും പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.
ഉത്പാദനവും വിപണനവും കൂട്ടി തൊഴിലാളികളുടെ ജീവത്പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകത്തക്കവിധം ബാംബൂ കോര്‍പ്പറേഷനെ ലാഭത്തിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായാണ് അന്തര്‍ദേശീയ നിലവാരമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞവിലയില്‍ വിപണനം നടത്തി വിപണി കീഴടക്കാന്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്നും വ്യവസായ മന്ത്രി പറഞ്ഞു.
ബാംബൂ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജെ. ജേക്കബ്, വ്യവസായ, വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, സെക്രട്ടറി സഞ്ജയ് കൗള്‍, മാനേജിംഗ് ഡയറക്ടര്‍ എ.എം. അബ്ദുള്‍ റഷീദ്, ഡയറക്ടര്‍മാരായ ടി.പി. ദേവസിക്കുട്ടി, സി.വി. ശശി, വിജയകുമാര്‍, ഡീലര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
