ആലപ്പുഴ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് ജില്ലയില്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചട്ടങ്ങള്‍ ലംഘിച്ച് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍, ബാനറുകള്‍, കോടികള്‍ എന്നിവ നീക്കം ചെയ്ത ശേഷം അതിനുള്ള ചെലവ് സ്ഥാനാർത്ഥിയുടെ ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നോട്ടീസ് വിവിധ നിയോജക മണ്ഡലങ്ങളിലെ വരണാധികാരി നല്‍കിത്തുടങ്ങി.
ആലപ്പുഴ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ ഡോ.കെ.എസ്. മനോജിന് 18410 രൂപ, സന്ദീപ് വാചസ്പതിക്ക് 17270 രൂപ, പി. പി. ചിത്തരഞ്ജന് 19210 രൂപ എന്നിങ്ങനെ തുക പോസ്റ്ററുകളും ബാനറുകളും നീക്കിയതിന്റെ ചെലവായി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പെടുത്തുമെന്ന് കാട്ടി വരണാധികാരി കൂടിയായ സബ് കളക്ടര്‍ എസ്. ഇലക്യ നോട്ടീസ് നല്‍കി.
അമ്പലപ്പുഴ മണ്ഡലത്തിലെ ആറു സ്ഥാനാര്‍ഥികള്‍ക്കും കുട്ടനാട് മണ്ഡലത്തിലെ അഞ്ചു സ്ഥാനാര്‍ഥികള്‍ക്കും മാവേലിക്കര മണ്ഡലത്തിലെ ആറു സ്ഥാനാര്‍ഥികള്‍ക്കും ഇതിന്റെ ഭാഗമായി നോട്ടീസ് നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളിലും ഓരോ സ്ഥാനാര്‍ഥിയുടെ പേരിലും നീക്കപ്പെട്ട പോസ്റ്ററുകളുടെ ചെലവ് ഉള്‍പ്പെടുത്തുമെന്ന് കാട്ടി സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കും.
ജില്ലയിലെ വിവിധ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ അനുമതിയില്ലാതെ സ്ഥാപിച്ച 47,564 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്. അരൂര്‍ മണ്ഡലത്തില്‍ 6507, ചേര്‍ത്തല മണ്ഡലത്തില്‍ 5786, ആലപ്പുഴ മണ്ഡലത്തില്‍ 14072, അമ്പലപ്പുഴ മണ്ഡലത്തില്‍ 6320, കുട്ടനാട് മണ്ഡലത്തില്‍ 2099, ഹരിപ്പാട് മണ്ഡലത്തില്‍ 3020, കായംകുളം മണ്ഡലത്തില്‍ 3053, മാവേലിക്കര മണ്ഡലത്തില്‍ 3642, ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ 3065 എന്നിങ്ങനെയാണ് ഓരോ മണ്ഡലങ്ങളിലും നീക്കം ചെയ്ത പ്രചാരണ വസ്തുക്കളുടെ കണക്ക്.

ആന്റീ ഡീഫേസ്മെന്റ് സ്‌ക്വാഡ് വിവിധ സ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്ത വിവിധ പ്രചാരണ സാമഗ്രികളുടെ എണ്ണം അനുസരിച്ചാണ് ഇതിനു ചെലവായ തുക ഈടാക്കുക. ബോര്‍ഡുകള്‍ക്ക് 30 രൂപ, തോരണങ്ങള്‍ക്ക് മീറ്ററിന് മൂന്നു രൂപ, പോസ്റ്ററുകള്‍ക്ക് 10 രൂപ, ചുവരെഴുത്തിന് ചതുരശ്രയടിക്ക് എട്ടു രൂപ എന്നിങ്ങനെയാണ് ആന്റീ ഡീഫേസ്മെന്റ് നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളത്. നീക്കം ചെയ്ത പോസ്റ്ററുകളും ബാനറുകളും ബോര്‍ഡുകളും അച്ചടിച്ച് സ്ഥാപിക്കാനെടുത്ത ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുന്നതിനു പുറമേയാണ് ഇവ നീക്കം ചെയ്യുന്നതിനുള്ള തുകയും ഈടാക്കുന്നത്. രണ്ടു ചെലവും സ്ഥാനാര്‍ഥിയുടെ ചെലവ് കണക്കില്‍ ഇടംപിടിക്കും. പൊതുസ്ഥലങ്ങളില്‍ പോസ്റ്ററുകളും ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്.