കൊല്ലം: പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ഒമ്പത് വിതരണ കേന്ദ്രങ്ങളിലായി ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് പൂര്‍ത്തിയായി. പൊതു തിരഞ്ഞെടുപ്പ് നിരീക്ഷകരായ എസ്.കെ. പ്രജാപതി, അര്‍ജുന്‍ സിംഗ് ബി. റാത്തോഡ്, ഗുര്‍പ്രീത്കൗര്‍ സപ്ര, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ ബി. അബ്ദുല്‍ നാസര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നടപടിക്രമങ്ങള്‍ വിലയിരുത്തി. 27 ന് രാവിലെ ആരംഭിച്ച കമ്മീഷനിങ് ഇന്നലെ(മാര്‍ച്ച് 29) പൂര്‍ത്തിയായി. മെഷീനുകള്‍ സ്‌ട്രോങ്ങ് റൂമില്‍ സീല്‍ ചെയ്താണ് സൂക്ഷിക്കുന്നത്.
കൊട്ടാരക്കര, ചടയമംഗലം നിയോജകമണ്ഡലങ്ങളിലെ കമ്മീഷനിംഗ് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജില്‍ നടന്നു. വരണാധികാരി പി.ബി. സുനിലാലിന്റെ നേതൃത്വത്തില്‍ കൊട്ടാരക്കര മണ്ഡലത്തിലെ 301 പോളിങ് സ്റ്റേഷനുകളിലേക്കുള്ള 372 ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ അക്ഷരമാല ക്രമത്തില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും സെറ്റ് ചെയ്തു.

കരുനാഗപ്പള്ളി മണ്ഡലത്തില്‍ ലോഡ്‌സ് പബ്ലിക് സ്‌കൂളിലാണ് വരണാധികാരി എം.ജി പ്രമീള, ഉപവാരണാധികാരി എസ്. ജ്യോതിലക്ഷ്മി എന്നിവരുടെ നേതൃത്വത്തില്‍ നടന്നത്. 393 മെഷീനുകളാണ് കമ്മീഷന്‍ ചെയ്തത്. ആകെ 321 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.
ചവറയിലെ കമ്മീഷനിങ് കരുനാഗപ്പള്ളി മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വരണാധികാരിയായ സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, ഉപവാരണാധികാരി ഇ. ദില്‍ഷാദ് എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. 326 മെഷീനുകളില്‍ പൂര്‍ത്തിയാക്കി. ആകെ 268 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.

കുന്നത്തൂരിലെ കമ്മീഷനിങ് വരണാധികാരി വി ജഗല്‍കുമാറിന്റെ നേതൃത്വത്തില്‍ ശാസ്താംകോട്ട ഡി.ബി കോളേജില്‍ പൂര്‍ത്തിയായി. 311 പോളിംഗ് സ്റ്റേഷനുകളിലേക്കായി 384 ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളും സെറ്റ് ചെയ്തു.
പത്തനാപുരത്തെ കമ്മീഷനിങ് പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളില്‍ വരണാധികാരി ടി.സി. ത്യാഗരാജന്റെയും ഉപവരണാധികാരി ലെനിന്റെയും നേതൃത്വത്തില്‍ നടന്നു. 345 മെഷീനുകളില്‍ അക്ഷരമാല ക്രമത്തില്‍ ക്യാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തി. 282 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്.

പുനലൂര്‍ നിയോജക മണ്ഡലത്തിലെ കമ്മീഷനിങ് പുനലൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വരണാധികാരി എസ്. സണ്‍, ഉപവാരണാധികാരി കെ.പി. ശ്രീജറാണി എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. 412 ഇ.വി.എം മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളും അക്ഷരമാല ക്രമത്തില്‍ സെറ്റ് ചെയ്തു. ആകെ 312 പോളിംഗ് സ്റ്റേഷനുകള്‍.

ചടയമംഗലം മണ്ഡലത്തിലെ 305 പോളിങ് സ്റ്റേഷനുകളിലേക്കുള്ള 369 ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ വരണാധികാരി എസ്. ഷാജി ബോണ്‍സ്ലേയുടെ നേതൃത്വത്തില്‍ കമ്മീഷന്‍ ചെയ്തു.
കുണ്ടറയിലെ സെറ്റിംഗ് വരണാധികാരി പ്രിയ ഐ. നായരുടെ നേതൃത്വത്തില്‍ കൊല്ലം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് എച്ച്.എസ് സ്‌കൂളില്‍ നടന്നു. 307 പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള 373 വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നങ്ങളും സെറ്റ് ചെയ്തു.
264 പോളിങ് സ്റ്റേഷനുകളുള്ള കൊല്ലം നിയോജകമണ്ഡലത്തിന്റെ കമ്മീഷനിങ് വരണാധികാരിയായ ഡി. ഷിന്‍സിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. വിതരണ കേന്ദ്രമായ ട്രിനിറ്റി ലൈസിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 323 മെഷീനുകള്‍ കമ്മീഷന്‍ ചെയ്തു.
ഇരവിപുരം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലെ കമ്മീഷനിംഗ് കൊല്ലം സെന്റ് അലോഷ്യസ് എച്ച്.എസ്.എസില്‍ നടത്തി. ഇരവിപുരത്ത് വരണാധികാരി വി.ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ 327 മെഷീനുകളിലാണ് സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ക്രമീകരിച്ചത്.
277 പോളിങ് സ്റ്റേഷനുകളുള്ള ചാത്തന്നൂരില്‍ 337 വോട്ടിംഗ് മെഷീനുകള്‍ വരണാധികാരി ആര്‍. സുധീഷിന്റെ നേതൃത്വത്തില്‍ കമ്മീഷനിംഗ് നടത്തി.