കാസർഗോഡ്: ജില്ലയില്‍ കോവിഡ് വ്യാപന നിരക്ക് കൂടിവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി.രാംദാസ് പറഞ്ഞു. ഇ-സഞ്ജീവനിയില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്. ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രോഗിക്ക് ഓണ്‍ലൈന്‍ വഴി സൗകര്യമുള്ള സ്ഥലത്ത് ഇരുന്ന് ചികിത്സ തേടാമെന്നതാണ് ഈ സഞ്ജീവിനി സംവിധാനം ഉറപ്പുവരുത്തുന്നത്.

നിര്‍ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് രോഗ വിവരങ്ങള്‍ അറിയിക്കാം. സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാകും. ഇ-സഞ്ജീവനി പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടര്‍മാര്‍ നല്‍കുന്ന കുറിപ്പടികള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചാല്‍ മരുന്നുകള്‍ സൗജന്യമായി ലഭിക്കും. കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ പരിശോധനകളും അതത് ആശുപത്രിനിരക്കില്‍ ചെയ്യാവുന്നതാണ്. സ്മാര്‍ട്ട്‌ഫോണ്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയിലേതെങ്കിലും ഒന്നും ഇന്റര്‍നെറ്റ് കണക്ഷനുമാണ് ഇതിനുവേണ്ടത്.

www.esanjeevaniopd.in എന്നവെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്തശേഷം ഈ സേവനം ഉപയോഗിക്കാം. ഇ-സഞ്ജീവിനി ഒപിഡി എന്ന ആപ്പ് വഴിയും സേവനം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും 1056/0471 2552056 ദിശ ട്രോള്‍ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.