എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വ്യാഴാഴ്ച മുതല്‍ ( 01/04/21) ബന്ധപ്പെട്ട നിയോജകമണ്ഡലങ്ങളില്‍ സജ്ജമാക്കിയിരിക്കുന്ന വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാം. ഏപ്രില്‍ മൂന്നാം തീയതിക്കകം തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്ദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ടിംഗ് നടപടികള്‍ പൂര്‍ത്തിയാക്കണം. രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെയാണ് വോട്ടിംഗ് സമയം.
ഇതിനകം വരണാധികാരികള്‍ക്ക് പോസ്റ്റല്‍ വോട്ടിനായി ഫോറം 12 ല്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ അപേക്ഷകൾ വോട്ടിംഗ് ഫെസിലിറ്റേഷൻ കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടാകും.
അപേക്ഷിക്കാത്തവര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ള ഉത്തരവുമായി എത്തി വോട്ടിംഗ് സെന്‍റെറുകളില്‍ നിന്നും ഫോറം 12 കൈപ്പറ്റി വോട്ട് ചെയ്യാം.വിവിധ നിയോജകമണ്ഡലങ്ങളും അവയുടെ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളും യഥാക്രമം. പെരുമ്പാവൂര്‍ – ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ പെരുമ്പാവൂര്‍, അങ്കമാലി – അങ്കമാലി ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫീസ്, ആലുവ – ആലുവ മിനി സിവിൽസ്റ്റേഷൻ, കളമശ്ശേരി – പത്തടിപ്പാലം തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസ്. പറവൂര്‍ – ഗവ. ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ നോർത്ത് പറവൂര്‍, വൈപ്പിന്‍ – വൈപ്പിന്‍ ബ്ലോക്ക് ഓഫീസ് കുഴുപ്പിള്ളി, കൊച്ചി – അവര്‍ ലേഡീസ് സി.ജി.എച്ച്.എസ് തോപ്പുംപടി, തൃപ്പൂണിത്തുറ – ഗവ. ബോയ്സ് ഹൈസ്കൂള്‍ തൃപ്പൂണിത്തുറ.
എറണാകുളം – എസ്.ആര്‍.വി എല്‍.പി സ്കൂള്‍ എറണാകുളം, തൃക്കാക്കര – കാക്കനാട് സിവിൽസ്റ്റേഷനിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം , കുന്നത്തുനാട് – വടവുകോട് ബ്ലോക്ക് പഞ്ചായത്തിന് സമീപമുള്ള ബ്ലോക്ക് ഇന്‍ഫര്‍മേഷന്‍ സെന്‍റെര്‍, പിറവം – എം.കെ.എം എച്ച്.എസ്.എസ് പിറവം, മൂവാറ്റുപുഴ – നിര്‍മല ഹയര്‍ സെക്കണ്ടറി സ്കൂള്‍ മൂവാറ്റുപുഴ, കോതമംഗലം – ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോതമംഗലം. കൂടുതൽ വിവരങ്ങൾ
https://ernakulam.nic.in/postal-ballot/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.