ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ നിർവ്വഹണം തുടരുന്നു. ആശുപത്രിയിലെ രോഗീപരിചരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും കമ്പ്യൂട്ടറൈസ്ഡ് ചെയ്യുക എന്നതാണ് ഈ പദ്ധതിയിൽ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് (യു.എച്ച്.ഐ.ഡി കാർഡ്) വിതരണം ആരംഭിച്ചിട്ടുണ്ട്. ഈ തിരിച്ചറിയൽ കാർഡ് കേരളത്തിലെ എല്ലാ സർക്കാർ ആശുപത്രിയിലും ഉപയോഗിക്കാം. ഒ.പി ടിക്കറ്റ് എടുക്കുന്നതിനും, വാർഡിൽ കിടത്തി ചികിത്സ ലഭിക്കുന്നതിനുമെല്ലാം ഈ കാർഡ് ആവശ്യമായി വരും.

രോഗിയുടെ ചികിത്സ വിവരങ്ങൾ ഡോക്ടറുടെ കമ്പ്യൂട്ടറിൽ ലഭ്യമാക്കുന്നതിനും യു.എച്ച്.ഐ.ഡി കാർഡ്  അത്യന്താപേക്ഷിതമാണ്. ഇനിയും കാർഡ് വാങ്ങാനുള്ളവർ തങ്ങളുടെ ആധാർ കാർഡുമായി പൊതു ഒഴിവു ദിവസങ്ങളിലൊഴികെ രാവിലെ പത്തിനും നാലിനും ഇടയിൽ ആശുപത്രിയിലെ പ്രത്യേക കൗണ്ടറുമായി ബന്ധപ്പെട്ട് കാർഡ് വാങ്ങിക്കേണ്ടതാണ്. ഒരു കുടുംബത്തിലെ ഒരാൾക്ക് എല്ലാവരുടെയും ആധാർകാർഡുമായി വന്നാൽ ഒന്നിച്ച് കാർഡ് ലഭ്യമാക്കും.

ഏപ്രിൽ ആദ്യാവാരത്തോടുകൂടി ഇഹെൽത്ത് പദ്ധതി നിർവ്വഹണത്തിന്റെ രണ്ടാം ഘട്ടമെന്ന നിലയിൽ ജനറൽ സർജറി വകുപ്പിന്റെ ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം കമ്പ്യൂട്ടർ മുഖേനയാക്കും. ആയതിനാൽ ഇനി മുതൽ ജനറൽ സർജറി ഒ.പി.ടിക്കറ്റ് എടുക്കുവാൻ വരുന്നവർ ഏകീകൃത തിരിച്ചറിയൽ കാർഡ് (യു.എച്ച്.ഐ.ഡി ) കൊണ്ടു വരണം. യു.എച്ച്.ഐ.ഡി കാർഡ് ഇല്ലാത്തവർ നിർബന്ധമായും ആധാർ കാർഡ് കൊണ്ടു വരണം. ഡോക്ടറെ കണ്ട് ആശുപത്രിയിൽ നിന്നും മടങ്ങുന്നതിനു മുൻപായി യു.എച്ച്.ഐ.ഡി കാർഡ് കൂടി വാങ്ങണം.