എറണാകുളം: പോളിംഗ് കേന്ദ്രങ്ങളില്‍ ബയോ ടോയ്‌ലെറ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചു. ജില്ലയില്‍ ആകെ 25 ബൂത്തുകളിലാണ് ബയോടോയ്‌ലെറ്റ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. ആകെ 52 യൂണിറ്റുകളാണ് സ്ഥാപിക്കുന്നത്. ചിറ്റൂര്‍ ഗവ. എല്‍പിഎസ് സ്‌കൂളില്‍ സ്ഥാപിച്ച ബയോടോയ്‌ലെറ്റുകള്‍ അസിസ്റ്റന്റ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ സന്ദര്‍ശിച്ചു. എല്ലാ ബൂത്തുകളിലും അഷ്വേഡ് മിനിമം ഫെസിലിറ്റി ഉറപ്പാക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത്.

ഒന്നിലധികം ബൂത്തുകളുള്ളതും ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യമില്ലാത്തതുമായ പോളിംഗ് കേന്ദ്രങ്ങളിലാണ് ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത്. കോവിഡ് മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ കൂട്ടമായി ടോയ്‌ലെറ്റ് ഉപയോഗിക്കുന്നത് തടയുന്നതിനാണ് ബയോടോയ്‌ലെറ്റുകള്‍ സജ്ജമാക്കുന്നത്. ശുചിത്വ മിഷന്റെ സഹകരണത്തോടെ ഏറ്റുമാനൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സെന്‍ട്രിഫ്യൂഗ് എന്‍ജിനീയറിംഗ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുന്നത്.