തൃശ്ശൂർ: ജനാധിപത്യ പ്രക്രിയയിൽ പുതു തലമുറയെയും കന്നിവോട്ടർമാരെയും കണ്ണിചേർക്കാൻ വോട്ട്’ എന്ന പേരിൽ ഹ്രസ്വ ചിത്രമൊരുക്കി സ്വീപ് ടീം(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്റ് ഇലക്റ്ററൽ പാർട്ടിസിപ്പേഷൻ). തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ ‘വോട്ടി’ന്റെ അരങ്ങിലും അണിയറയിലും സ്വീപിന്റെ പ്രവർത്തകരാണ് എന്നതാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. സ്വീപ് കോർഡിനേറ്റർ ബിജു ദാസ് തൃത്താലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ഷാനവാസ് ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.സമൂഹമാധ്യമങ്ങളിൽ വളരെ ഗൗരവകരമായ രാഷ്ട്രീയ സംവാദങ്ങളിൽ ഏർപ്പെടുന്ന പുതുതലമുറയിൽ പലരും വോട്ട് ചെയ്യാൻ മടിക്കുന്നു എന്നും രജിസ്റ്റർ ചെയ്ത കന്നിവോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കാൻ ഇത്തരം ക്രിയാത്മക ഇടപെടലുകൾ സഹായകരമാകുമെന്നും കലക്ടർ അഭിപ്രായപ്പെട്ടു.

ഇലക്ഷൻ ദിനത്തെ അവധി ദിനമായി കണ്ട് നാട് കാണാനിറങ്ങുന്ന പുതുതലമുറ ദമ്പതിമാരിലൂടെയാണ് ‘വോട്ട്’ പുരോഗമിക്കുന്നത്. അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മനോഹരമായ ദൃശ്യങ്ങളും അനുയോജ്യമായ സംഗീതവും സ്വീപ് ടീം ഇഴചേർത്തിട്ടുണ്ട്. ആർ. ആർ.ഡെപ്യൂട്ടി കലക്ടർ വി എസ് ബിനു ചിത്രത്തിനായി വയലിനിൽ തീർത്ത സംഗീതം ഏറെ പ്രശംസ ഏറ്റുവാങ്ങി. ലിൻസ് ഡേവിഡ്, അഞ്ജലി ബിജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായഗ്രഹണം നിർവഹിച്ചത് സനൂപ് കടലാശ്ശേരിയാണ്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം എച്ച് ഹരീഷ്, സ്വീപ് നോഡൽ ഓഫീസർ പി സി ബാലഗോപാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.