കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിലെ പട്ടിക ജാതി -പട്ടിക വര്‍ഗ കോളനികളില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം, മദ്യം തുടങ്ങിയവയുടെ വിതരണം തടയുന്നതിന് പ്രമോട്ടര്‍മാരെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടന്ന ബ്ലോക്ക് തല പട്ടിക ജാതി -പട്ടിക വര്‍ഗ ഉദ്യാഗസ്ഥരുടെ ഉന്നതലയോഗത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ ആറിന് വൈകുന്നേരം ഏഴ് വരെ പ്രമോട്ടര്‍മാരുടെ നേതൃത്വത്തില്‍ ഓരോ കോളനികളിലും നിരീക്ഷണം ശക്തമാക്കും.
ഇവരെ പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിലൂടെ നരീക്ഷിക്കും. കൂടാതെ പ്രമോട്ടര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 133 സെക്ടറല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയില്‍ 547 എസ് സി കോളനികളിലേക്കായി 45 പ്രമോട്ടര്‍മാരെയും 1262 എസ് ടി കോളനികളിലേക്കായി 80 പ്രമോട്ടര്‍മാരെയും 133 സെക്ടറല്‍ ഓഫീസര്‍മാരെയുമാണ് നിയമിച്ചത്.യോഗത്തില്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ് എസ് മീനറാണി, പട്ടിക വര്‍ഗ്ഗ അസിസ്റ്റന്റ് ഡവലപ്മെന്റ് ഓഫീസര്‍ കെ മജീദ്, ബ്ലോക്ക് തല പട്ടിക ജാതി ഓഫീസര്‍മാര്‍, താലൂക്ക് തല പട്ടികവര്‍ഗ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.