കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ദിവസം ജനറല്‍ വോട്ടര്‍മാര്‍ മുഴുവന്‍ വോട്ട് ചെയ്ത ശേഷമാണ് കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരും വോട്ട് ചെയ്യേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. അതേസമയം, കൊവിഡ്/ക്വാറന്റൈന്‍ വോട്ടര്‍മാര്‍ വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ പോളിംഗ് ബൂത്തില്‍ എത്തിച്ചേരണം.

ജനറല്‍ വോട്ടര്‍മാര്‍ ഏഴു മണിക്ക് മുമ്പായി വോട്ട് ചെയ്ത് തീരാത്തപക്ഷം ഏഴ് മണിക്ക് മുമ്പ് ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ലഭിച്ചവര്‍ മുഴുവന്‍ വോട്ട് ചെയ്ത ശേഷമാണ് കൊവിഡ്/ ക്വാറന്റൈന്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കുക. അതുവരെ അവര്‍ പ്രത്യേകം സജ്ജമാക്കിയ കാത്തിരിപ്പ് കേന്ദ്രത്തിലോ വന്ന വാഹനങ്ങളിലോ കാത്തിരിക്കണം.

വോട്ട് ചെയ്യാനെത്തുന്ന കൊവിഡ് രോഗികളും ക്വാറന്റൈനില്‍ കഴിയുന്നവരും ഇതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍മാരില്‍ നിന്നും ലഭിക്കുന്ന പ്രത്യേക ഫോര്‍മാറ്റിലുള്ള കൊവിഡ്/ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. തപാല്‍ വോട്ട് ചെയ്യുന്നതിനായി ഫോറം 12ഡിയില്‍ വരണാധികാരികള്‍ക്ക് നേരത്തേ അപേക്ഷ നല്‍കിയ കൊവിഡ്/ ക്വാറന്റൈന്‍ വോട്ടര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനാവില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.